സ്വര്‍ണവും പണവും കണ്ടല്ല അവളെ ഇഷ്ടപ്പെട്ടത്, വിപിന്റെ സഹോദരിയെ ഞാന്‍ വിവാഹം കഴിക്കും': വരന്‍റെ പ്രതികരണം

തൃശൂര്‍: സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വരന്റെ പ്രതികരണം.

സ്വര്‍ണവും പണവും കണ്ടല്ല വിവാഹത്തിന് തീരുമാനിച്ചതെന്നും വിപിന്റെ സഹോദരിയെ താന്‍ വിവാഹം കഴിക്കുമെന്നും വരന്‍ ഒരു ചാനലിനോട് പ്രതികരിച്ചു. തൃശ്ശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്‍ ആണ് വായ്‌പ ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.

'വായ്‌പ കിട്ടും എന്നിട്ട് നമുക്ക് വിവാഹം നടത്തവും എന്നായിരുന്നു വിപിന്‍ പറഞ്ഞിരുന്നത്. ഞങ്ങള്‍ തമ്മില്‍ മൂന്ന് വര്‍ഷമായി അറിയുന്നതാണ്. ഞാന്‍ ഗള്‍ഫിലായിരുന്നു ലീവിന് വന്നിട്ട് നടത്താമെന്നായിരുന്നു തീരുമാനിച്ചത്. ലീവിന് വന്നതായിരുന്നു. ജനുവരിയില്‍ പോകണം. അതിനു മുന്നേ നടത്തവും എന്നായിരുന്നു തീരുമാനം. അവരുടെ സാഹചര്യം നമുക്ക് അറിയാവുന്നതാണ്. സ്വര്‍ണം ഒന്നും ചോദിച്ചിട്ടില്ല. അച്ഛനില്ലാത്തതാണ്. അവര്‍ രണ്ട് പേരും ജോലിക്ക് പോയിട്ടാണ് അവര്‍ ജീവിക്കുന്നത്. ഞാന്‍ അവളെ ഇഷ്ടപ്പെട്ടത് അതൊന്നും കണ്ടിട്ടല്ല. ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലായിരുന്നു. അങ്ങനെയാണ് വിവാഹം നടത്താന്‍ തീരുമാനിച്ചത്', യുവാവ് പറയുന്നു.

ഇന്നലെയാണ് വിപിന്‍ ആത്മഹത്യ ചെയ്തത്. സഹോദരിയുടെ വിവാഹാവശ്യങ്ങള്‍ക്കായി ബാങ്കില്‍ നിന്ന് വായ്പ തേടിയിരുന്നു. എന്നാല്‍ ഇത് കിട്ടാത്തതിനെത്തുടര്‍ന്നുള്ള മാനസികവിഷമത്താലാണ് ആത്മഹത്യ. മൂന്നുസെന്റ് ഭൂമി മാത്രമേ സ്വന്തമായുണ്ടായിരുന്നുള്ളൂ. ആയതിനാല്‍ എവിടെ നിന്നും വായ്പ കിട്ടിയില്ല. തുടര്‍ന്ന്, പുതുതലമുറ ബാങ്കില്‍ നിന്ന് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം വായ്പ അനുവദിച്ചെന്ന അറിയിപ്പിനെ തുടര്‍ന്ന് വിവാഹത്തിന് സ്വര്‍ണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി ജൂവലറിയിലെത്തുകയായിരുന്നു.

ആഭരണങ്ങളെടുത്തശേഷം, പണവുമായി ഉടനെത്താമെന്നറിയിച്ച്‌ വിപിന്‍ പോവുകയായിരുന്നു. എന്നാല്‍, വായ്പ അനുവദിക്കാനാകില്ലെന്ന് ബാങ്കില്‍ നിന്ന് പിന്നീട് അറിയിപ്പ് കിട്ടി. ജൂവലറിയില്‍ ഏറെനേരം കാത്തിരുന്നിട്ടും മകനെ കാണാതായതോടെ അമ്മ ബേബിയും സഹോദരി വിദ്യയും വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ച നിലയില്‍ കണ്ടത്.

സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്ന വിപിന് കോവിഡ്കാലത്ത് അത് നഷ്ടപ്പെട്ടിരുന്നു. വിപിന്റെ ഈ ജോലി ആയിരുന്നു കുടുംബത്തിന്റെ ഏകവരുമാനമാര്‍​ഗം. മരപ്പണിക്കാരനായിരുന്ന അച്ഛന്‍ വാസു അഞ്ചുകൊല്ലം മുമ്ബ് മരിച്ചിരുന്നു. നാളുകള്‍ക്ക് മുമ്ബേ നിശ്ചയിച്ച വിപിന്റെ സഹോദരിയുടേ വിവാഹം സാമ്ബത്തികപ്രതിസന്ധി കാരണം നീട്ടിവെക്കുകയായിരുന്നു. അടുത്ത ഞായറാഴ്ചത്തേക്കായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!