ചിന്നക്കനാലില്‍ ടൂറിസ്റ്റ് വാഹനത്തിന് നേര്‍ക്ക് കാട്ടാന ആക്രമണം

ചിന്നക്കനാല്‍: വിനോദ സഞ്ചാര കേന്ദ്രമായ ചിന്നക്കനാലില്‍ ടൂറിസ്റ്റ് വാഹനത്തിന് നേര്‍ക്ക് കാട്ടാന ആക്രമണം.വിനോദ സഞ്ചാരികളുടെ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു.

വഴികാട്ടിയായി ബൈക്കില്‍ സഞ്ചരിച്ചിരുന്ന റിസോര്‍ട്ട് ജീവനക്കാരന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റു. സൂര്യനെല്ലി സ്വദേശി പാണ്ഡ്യനാണ് (50) പരിക്കേറ്റത്. സംഭവമറിഞ്ഞ് എത്തിയ വനപാലകരെ സി. പി. എം പ്രദേശിക നേതാവിന്റെ നേതൃത്വത്തില്‍ തടഞ്ഞുവച്ചു.

ശനിയാഴ്‌ച്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. കോതമംഗലം സ്വദേശികളായ ഏഴ് സഞ്ചാരികള്‍ ഇന്നോവ കാറില്‍ ചിന്നക്കനാലിലെ റിസോര്‍ട്ടിലേക്ക് പോവുകയായിരുന്നു. ഇവര്‍ക്ക് വഴികാട്ടിയായി റിസോര്‍ട്ട് ജീവനക്കാരനായ പാണ്ഡ്യന്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്നു. മുത്തമ്മാള്‍ കോളനിക്ക് സമീപം കൊടും വളവില്‍ നിന്നിരുന്ന കാട്ടാനയുടെ മുന്നില്‍ വാഹനങ്ങള്‍ ചെന്നുപെട്ടു.

ഇതേത്തുടര്‍ന്ന് നിര്‍ത്തിയിട്ട കാറിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗത്ത് ആക്രമിച്ച കേടുപാടുകള്‍ വരുത്തിയ ആന യാത്രക്കാര്‍ ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് പിന്മാറി. സംഭവമറിഞ്ഞ് ചിന്നക്കനാല്‍ ഫോറസ്റ്റര്‍ പി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ വനപാലകര്‍ എത്തി പരിക്കേറ്റ പാണ്ഡ്യനെ ആശുപത്രിയില്‍ കൊണ്ടുപോകുവാന്‍ ശ്രമിച്ചു.

എന്നാല്‍ ആ സമയം സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ എത്തിയവര്‍ വനപാലകരെ തടഞ്ഞുവച്ചു. തുടര്‍ന്ന് വനപാലകര്‍ 108 ആംബുലന്‍സ് വരുത്തി അതില്‍ കയറ്റി പാണ്ഡ്യനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. സംഭവമറിഞ്ഞ് ദേവികുളം റേഞ്ച് ഓഫീസറും, ശാന്തന്‍പാറ പൊലീസും സ്ഥലത്തെത്തി. തിങ്കളാഴ്‌ച്ച ദേവികുളം എംഎല്‍എ യുടെ സാന്നിദ്ധ്യത്തില്‍ കാട്ടന ശല്യത്തിന് പരിഹാരം കാണുന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാം എന്ന് ഉറപ്പ് നല്‍കിയതോടെയാണ് രംഗം ശാന്തമായത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!