നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ആശ്വസിക്കാം; സൗദിയിലേക്ക് നേരിട്ട്​ പ്രവേശനം

ജിദ്ദ: ഇന്ത്യ അടക്കമുള്ള ആറ് രാജ്യങ്ങളില്‍നിന്ന് ഡിസംബര്‍ ഒന്ന് മുതല്‍ സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്ന തീരുമാനം പതിനായിരക്കണക്കിന്​ പ്രവാസികള്‍ക്ക്​ ആശ്വാസമാകും.

നാട്ടില്‍ നിന്നു തിരിച്ചുവരാന്‍ കാത്തിരിക്കുന്നവരാണ്​ അവര്‍.

കോവിഡിനെ തുടര്‍ന്ന് 2020 മാര്‍ച്ച്‌ 15 മുതലാണ് സൗദി അറേബ്യ എല്ലാ അന്താരാഷ്​ട്ര വിമാന സര്‍വിസുകളും നിര്‍ത്തിവെച്ചത്. കോവിഡ്​ വാക്സിനേഷനും പ്രതിരോധ നടപടികളും ശക്തമാക്കിയതോടെ ഈ വര്‍ഷം ഫെബ്രുവരി മൂന്ന് മുതല്‍ ഉപാധികളോടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വിസിന് ആഭ്യന്തര മന്ത്രാലയം അനുവാദം നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്ക് വിലക്ക് തുടര്‍ന്നു.

മെയ് 17ന് രാജ്യത്തി​െന്‍റ മുഴുവന്‍ അതിര്‍ത്തികളും തുറന്നെങ്കിലും കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കുള്ള വിലക്ക്​ തുടര്‍ന്നു. വിലക്കില്ലാത്ത മറ്റു ഏതെങ്കിലും രാജ്യത്ത് 14 ദിവസം തങ്ങിയ ശേഷമേ സൗദിയിലേക്ക്​ പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. ഇത് അവധിക്ക് നാട്ടില്‍ പോയ ലക്ഷക്കണക്കിന് പ്രവാസികളെ പ്രയാസത്തിലാക്കി. ഇത്തരത്തില്‍ സൗദിയിലേക്കെത്താന്‍ ഏറ്റവും എളുപ്പ മാര്‍ഗമായി തുടക്കത്തില്‍ പ്രവാസികള്‍ ആശ്രയിച്ചിരുന്ന ദുബൈ, ബഹ്‌റൈന്‍ എന്നിവ സൗദിയുടെ വിലക്കുള്ള രാജ്യങ്ങളില്‍ ഉള്‍പ്പെട്ടതോടെ വീണ്ടും പ്രതിസന്ധി കനത്തു.

ഭീമമായ ടിക്കറ്റ്, ക്വാറന്‍റീന്‍ ചെലവുകള്‍ വഹിച്ച്‌​ മാലദ്വീപ്, അര്‍മേനിയ, നേപ്പാള്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ ചുറ്റിയായിരുന്നു പ്രവാസികളില്‍ പലരും സൗദിയില്‍ മടങ്ങിയെത്തിയത്. ഇതിനിടയില്‍ ചില ട്രാവല്‍ ഏജന്‍സികള്‍ ചൂഷണത്തിനും മുതിര്‍ന്നു. ഇവരുടെ കെണിയില്‍ കുടുങ്ങി പണം നഷ്​ടപ്പെട്ടവരും യാത്ര മുടങ്ങിയവരും നിരവധി. സൗദിയിലേക്ക് നേരിട്ടുള്ള വിമാനസര്‍വിസ് ഉടനുണ്ടാകും എന്ന പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിലായിരുന്നു നാട്ടില്‍ കുടുങ്ങിയവര്‍.

മടങ്ങാന്‍ സാധിക്കാതിരുന്ന പലര്‍ക്കും ജോലി നഷ്​ടപ്പെട്ടു. കഷ്​ടപ്പെട്ട്​ മടങ്ങിയെത്തിയവര്‍ക്കാവ​ട്ടെ നേരത്തെയുണ്ടായിരുന്ന ജോലി നഷ്​ടപ്പെട്ട്​ മറ്റു ജോലികള്‍ തേടേണ്ടി വന്നു. സൗദിയില്‍ നിന്നു രണ്ട്‍ ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് നേരിട്ട് രാജ്യത്തേക്ക് വരാമെന്ന ഇളവ്​ ആഗസ്​റ്റ്​ 24 മുതലുണ്ടായത്​ കുറച്ചു പേര്‍ക്കെങ്കിലും ആശ്വാസമായി. പക്ഷേ നാട്ടില്‍ കുടുങ്ങിയ മഹാഭൂരിപക്ഷവും ഈ ഗണത്തില്‍ പെടാത്തവാരായതിനാല്‍ ഇളവില്‍ നിന്ന്​ പുറത്തായി.

ഇതിനിടെ യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് യു.എ.ഇ ഒഴിവായതോടെ വീണ്ടും പ്രവാസികള്‍ക്ക് താരതമ്യേന കുറഞ്ഞ ചെലവില്‍ ദുബൈ വഴി സൗദിയിലേക്ക്​ മടങ്ങാന്‍ സാധിച്ചത് തെല്ലൊരാശ്വാസമായി. എന്നാല്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക്​ പൂര്‍ണമായും ഒഴിവാക്കി കൊണ്ടുള്ള സൗദിയുടെ പ്രഖ്യാപനം വ്യാഴാഴ്​ച രാത്രി പുറത്തുവന്നതോടെ മുഴുവനാളുകള്‍ക്കും ആശ്വാസമായി മാറുകയായിരുന്നു.

പുതിയ പ്രഖ്യാപനം അനുസരിച്ച്‌ ഡിസംബര്‍ ഒന്നിന് ബുധനാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ ഇന്ത്യ, പാകിസ്​താന്‍, ബ്രസീല്‍, വിയറ്റ്‌നാം, ഈജിപ്ത്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്ന്​ സൗദിയിലേക്ക് നേരിട്ട് യാത്ര നടത്താം. നിലവില്‍ ഈ രാജ്യങ്ങളില്‍ നിന്നു സൗദിയിലേക്ക് വരുന്നവര്‍ മൂന്നാമതൊരു രാജ്യത്ത് 14 ദിവസത്തെ ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കണമെന്ന നിബന്ധനയാണ് ഒഴിവായത്. എന്നാല്‍ ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് സൗദിക്ക് പുറത്തുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ്​ പരിഗണിക്കാതെ അഞ്ച് ദിവസം ഇന്‍സ്​റ്റിറ്റ്യൂഷനല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവരടക്കം നേരത്തെ ഇളവുള്ള വിഭാഗങ്ങള്‍ക്ക് ക്വാറന്‍റീന്‍ ഇല്ലാതെ തന്നെ ഇനിയും നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാം. കോവിഡ് വ്യാപനം തടയാന്‍ സ്വീകരിച്ചിട്ടുള്ള എല്ലാ മുന്‍കരുതല്‍, പ്രതിരോധ നടപടികളും യാത്രക്കാര്‍ പാലിക്കേണ്ടതി​െന്‍റ പ്രാധാന്യവും മന്ത്രാലയം ഊന്നിപറഞ്ഞിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നിര്‍ത്തിവെച്ചിരുന്ന അന്താരാഷ്​ട്ര വിമാന സര്‍വിസുകള്‍ ഡിസംബര്‍ 15 മുതല്‍ പുനഃരാരംഭിക്കുമെന്ന ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തി​െന്‍റ അറിയിപ്പ് കൂടി വന്ന സാഹചര്യത്തില്‍ സൗദി-ഇന്ത്യ നേരിട്ടുള്ള വിമാന സര്‍വിസുകള്‍ക്കുള്ള എല്ലാ തടസ്സങ്ങളും നീങ്ങിയിട്ടുണ്ട്.

ഇതോടെ നേരത്തെ ഇരു രാജ്യങ്ങള്‍ക്കിടയിലും നേരിട്ട് സര്‍വിസ് നടത്തിയിരുന്ന സൗദിയ, എയര്‍ ഇന്ത്യ തുടങ്ങിയ വിമാനകമ്ബനികള്‍ തങ്ങളുടെ ഷെഡ്യൂള്‍ ഉടന്‍ പ്രഖ്യാപിച്ചേക്കും. തുര്‍ക്കി, എത്യോപ്യ, അഫ്ഗാനിസ്​താന്‍, ലെബനന്‍ എന്നിവയാണ് ഇനിയും സൗദിയിലേക്ക് യാത്രാ നിരോധനം നേരിടുന്ന അവശേഷിക്കുന്ന രാജ്യങ്ങള്‍.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!