ആന്റണി പെരുമ്പാവൂരിന് പുന്തുണയുമായി ലിബര്‍ട്ടി ബഷീര്‍

മരക്കാര്‍ സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന ഫിയോക് പ്രസിഡന്റിന്റെ പ്രതികരണത്തിന് മറുപടിയായി രംഗത്തു വന്നിരിക്കുകയാണ് ലിബര്‍ട്ടി ബഷീര്‍. നിര്‍മ്മാതാവ് തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ചോദിച്ചാല്‍ നൂറ് തിയേറ്ററുകളില്‍ എങ്കിലും ചിത്രം കളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മരക്കാര്‍ തിയേറ്ററിലും പ്രദര്‍ശിപ്പിക്കാനുള്ള നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ നീക്കത്തെ പിന്തുണച്ചാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റും ചലച്ചിത്ര നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍ രംഗത്ത് വന്നത്.

'പ്രയാസപ്പെട്ട് ഒരുക്കിയ സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ ഉള്ള അദ്ദേഹത്തിന്റെ ആഗ്രഹം ഓര്‍ത്തപ്പോള്‍ വിഷമം തോന്നി. പണം മാത്രമല്ലല്ലോ ഒരു സിനിമയുടെ ഉദ്ദേശം. അതിന് വേണ്ടുന്ന എല്ലാ സഹായവും നമ്മള്‍ ചെയ്തു കൊടുക്കും. നൂറ് തിയേറ്ററില്‍ എങ്കിലും ആ സിനിമ കളിച്ചിരിക്കും. സംഘടനയുടെ സമ്മതം ഒന്നും വേണ്ട. സര്‍ക്കാര്‍ തിയേറ്റര്‍, നമ്മുടെ സംഘടനയുടെ കീഴിലുള്ള തിയേറ്ററുകള്‍, ആന്റണി പെരുമ്പാവൂരിന്റെ തിയേറ്ററുകള്‍, മോഹന്‍ലാലിന്റെ തിയേറ്ററുകള്‍ അങ്ങനെ നിരവധി തിയേറ്ററുകള്‍ ഉണ്ട്.

സിനിമ കളിക്കാന്‍ തുടങ്ങിയാല്‍ നൂറല്ല കേരളത്തിലെ എല്ലാ തിയേറ്ററുകളിലും സിനിമ കളിക്കും. ഞങ്ങള്‍ക്ക് ഒരു കണ്ടീഷനും ഇല്ല, ആ സിനിമ ജനങ്ങളെ കാണിക്കണം അത്രേയുള്ളു. എന്നെ സംബന്ധിച്ചിടത്തോളം എത്ര പണം വേണമെങ്കിലും ആ കമ്പനിക്ക് നല്‍കാന്‍ തയ്യാറാണ്.ആദ്യം ഫിയോക്കിന്റെ വൈസ് ചെയര്‍മാന്‍ ആന്റണി പെരുമ്പാവൂരിന്റെ സിനിമ ഒടിടിയിലേക്ക് പോയി. ഇപ്പോള്‍ ചെയര്‍മാന്‍ ദിലീപിന്റെ സിനിമ പോകുന്നു. ഇതൊക്കെ ദൈവത്തിന്റെ ഒരു കളി' എന്നുമാണ് വിഷയത്തില്‍ അദ്ദേഹം പ്രതികരിച്ചത്. 100 കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച ചിത്രമാണിത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു ഇത്.

ഒടിടി അഡ്വാന്‍സിനത്രയും തുക എങ്കിലും തീയേറ്റര്‍ റിലീസിന് നല്‍കണമെന്നായിരുന്ന മരക്കാറിന്റെ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്നത്. കേരളത്തിലെ പരമാവധി തീയ്യേറ്ററുകള്‍ ചിത്രത്തിന്റ റീലീസിനായി വിട്ട് നല്‍കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആവശ്യം.

കഴിഞ്ഞ കുറേയധികം ദിവസങ്ങ്ിലായി സിനിമ വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ആമസോണ്‍ പ്രൈമിനു ചിത്രം വിറ്റത് 90100 കോടി രൂപയുടെ ഇടയിലാണെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തുക വെളിപ്പെടുത്തിയിട്ടില്ല. ഇതു ശരിയെങ്കില്‍ രാജ്യത്ത് ഒടിടിയില്‍ നടക്കുന്ന ഏറ്റവും വലിയ കച്ചവടമാണിത്. സിനിമയ്ക്കു 90 കോടിക്കടുത്താണു നിര്‍മാണച്ചെലവ്. സാറ്റലൈറ്റ് അവകാശ വില്‍പനയിലെ ലാഭം നിര്‍മാതാവിനുള്ളതാണ്.

അതേസമയം, അഞ്ചല്ല അന്‍പത് സിനിമകള്‍ ഒടിടി പോയാലും സിനിമാ തിയറ്ററുകള്‍ നിലനില്‍ക്കുമെന്ന് ഫിയോകിന്റെ പ്രസിഡന്റ് കെ വിജയകുമാര്‍ പറഞ്ഞിരുന്നു. സിനിമയോ തിയറ്ററുകളോ ഒരുകാലത്തും ഒരു നടനെയോ സംവിധായകനെയോ കേന്ദ്രീകരിച്ചല്ല നില്‍ക്കുന്നതെന്നും വിജയകുമാര്‍ പറഞ്ഞു. മരക്കാര്‍ ഉള്‍പ്പെടെ മോഹന്‍ലാല്‍ നായകനാവുന്ന ആശിര്‍വാദിന്റെ അഞ്ച് സിനിമകള്‍ ഒടിടി റിലീസുകള്‍ ആയിരിക്കുമെന്ന ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനത്തെ സൂചിപ്പിച്ചായിരുന്നു വിജയകുമാറിന്റെ അഭിപ്രായ പ്രകടനം.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!