പുനീത് രാജ്കുമാറിന്റെ വിയോഗം താങ്ങാന്‍ കഴിയുന്നില്ല : കര്‍ണാടകയില്‍ ഇതുവരെ മരണപ്പെട്ടത് 10 ആരാധകര്‍

ബെംഗളൂരു : കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ മനംനൊന്ത് കര്‍ണാടകയില്‍ ഇതുവരെ മരിച്ചത് 10 ആരാധകരെന്ന് റിപ്പോര്‍ട്ട്.

ഇതില്‍ ഏഴ്‌ പേര്‍ ആത്മഹത്യ ചെയ്തും, മൂന്ന് പേര്‍ താരത്തിന്റെ മരണ വാര്‍ത്ത അറിഞ്ഞുള്ള ഞെട്ടലില്‍ ഹൃദയസ്തംഭനം ​മൂലമാണ് മരിച്ചത്.

താരത്തിന്റെ മരണത്തിന് പിന്നാലെ കര്‍ണാടകയിലെ വിവിധ ഭാഗങ്ങളിലായി നിരവധി ആത്മഹത്യാ ശ്രമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താരത്തിന്റെ വിയോഗം നികത്താനാകാത്ത നഷ്ടമാണെങ്കിലും ആരാധകര്‍ ജീവന്‍ അപഹരിക്കുന്ന തരത്തിലുള്ള കടുത്ത കാര്യങ്ങള്‍ ചെയ്യരുതെന്ന് അദ്ദേഹത്തിന്റെ സഹോദരങ്ങളായ ശിവരാജ് കുമാറും രാഘവേന്ദ്ര രാജ്കുമാറും അഭ്യര്‍ത്ഥിച്ചു.

മരണശേഷം പുനീത് കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ, നേത്രദാനത്തിന് തയ്യാറായി നിരവധി യുവാക്കളാണ് കര്‍ണാടകയില്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടയില്‍ ആത്മഹത്യ ചെയ്ത മൂന്ന് ആരാധകര്‍ തങ്ങളുടെ കണ്ണ് ദാനം ചെയ്യണമെന്ന കത്തും എഴുതിവെച്ചിരുന്നു. അപ്പു എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന താരത്തിന്റെ വിയോഗം താങ്ങാവുന്നതിലും അപ്പുറമാണെന്നും അതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നും തന്റെ കണ്ണ് ദാനം ചെയ്യണമെന്നുമായിരുന്നു ഒരു ആരാധകന്റെ ആത്മഹത്യാ കുറിപ്പ്.

ഒക്ടോബര്‍ 29 നായിരുന്നു പുനീത് വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 46കാരനായ പുനീതിന്‍റെ മരണം. കന്നഡ സിനിമയിലെ ഇതിഹാസ നടന്‍ രാജ്‍കുമാറിന്‍റെ മകനാണ്. രാജ്‍കുമാറ്‍ നായകനായെത്തിയ ചില ചിത്രങ്ങളിലൂടെ ബാലതാരമായിട്ടായിരുന്നു സിനിമാപ്രവേശം. 'ബെട്ടാഡ ഹൂവു'വിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. മുതിര്‍ന്നശേഷം അപ്പുവെന്ന മറ്റൊരു ചിത്രത്തിലും അഭിനയിച്ച പുനീത് രാജ്‍കുമാര്‍ അതേ വിളിപ്പേരിലാണ് ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെട്ടിരുന്നത്.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!