വെള്ളിത്തിര വീണ്ടും സജീവമാകുന്നു; ആദ്യ റിലീസ് ജയിംസ് ബോണ്ട് ചിത്രം

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ സംസ്ഥാനത്തെ തിയേറ്ററുകളിൽ ഇന്ന് മുതൽ സിനിമാ പ്രദർശനം ആരംഭിക്കും. തിങ്കളാഴ്ച മുതൽ തിയേറ്ററുകൾ തുറന്നെങ്കിലും രണ്ട് ദിവസം ശുചീകരണ പ്രവർത്തനങ്ങൾ ആയിരുന്നു. തിയേറ്റർ ജീവനക്കാർക്കുള്ള വാക്‌സിനേഷനും പൂർത്തിയാക്കിക്കഴിഞ്ഞു.

കൊവിഡ് കാരണം അടച്ചിട്ട തിയേറ്ററുകൾ ആറ് മാസങ്ങൾക്ക് ശേഷമാണ് തുറക്കുന്നത്. പ്രദർശനം തുടങ്ങുമെങ്കിലും പകുതി സീറ്റുകളിൽ മാത്രമേ കാണികളെ അനുവദിക്കു. അതുകൊണ്ട് തന്നെ ആരാധകരെ നിരാശരാക്കിക്കൊണ്ട് ‘മരക്കാർ : അറബിക്കടലിന്റെ സിംഹം’ ഉൾപ്പെടെയുള്ള ബിജ് ബജറ്റ് ചിത്രങ്ങൾ ഒടിടി റിലീസിന് ഒരുങ്ങുകയാണ്.

ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നീ ചിത്രങ്ങളാണ് ഇന്ന് പ്രദർശനത്തിന് എത്തുക. മറ്റന്നാൾ റിലീസ് ചെയ്യുന്ന ‘സ്റ്റാർ’ ആണ് ആദ്യം പ്രദർശനത്തിന് എത്തുന്ന മലയാള ചിത്രം. നവംബർ 12ന് ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ് റിലീസ് ചെയ്യും. അന്യഭാഷാ ചിത്രങ്ങളാണ് തുടക്കത്തില്‍ തിയേറ്ററുകളിലെത്തുക. നവംബർ ആദ്യവാരം രജനികാന്തിന്‍റെ അണ്ണാത്തെ, അക്ഷയ് കുമാറിന്‍റെ സൂര്യവംശി എന്നിവരും തിയേറ്റർ കാണും. നവംബർ 19ന് ആസിഫലിയുടെ എല്ലാം ശരിയാകും റിലീസ് ചെയ്യും. 25നാണ് സുരേഷ് ഗോപി ചിത്രം കാവലിന്‍റെ റിലീസ്. ജിബൂട്ടി, അജഗജാനന്തരം തുടങ്ങി ചെറുതും വലുതുമായ നിരവധി ചിത്രങ്ങളെത്തുന്നതോടെ ക്രിസ്മസ് റിലീസോടെ തിയറ്ററുകൾ ഉണരും.

അതേസമയം മുഴുവൻ സീറ്റുകളിലും ആളുകളെ കയറ്റണം എന്ന് തിയേറ്റർ ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ചർച്ച നടത്താൻ യോഗം ചേരാൻ സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാകും യോഗം ചേരുക.

രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരെ പ്രവേശിപ്പിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. പ്രദര്‍ശന ഇടവേളകളില്‍ തിയേറ്ററുകള്‍ അണുവിമുക്തമാക്കണം. ജീവനക്കാരും രണ്ടു ഡോസ് വാക്‌സിന്‍ എടുത്തിരിക്കണം.

എന്നാല്‍ ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മുഴുവന്‍ സീറ്റുകളിലും കാണികളെ അനുവദിക്കുന്നത് അടക്കം തീയേറ്റര്‍ ഉടമകള്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേരാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാവും യോഗം.

ധനകാര്യം, തദ്ദേശ സ്വയംഭരണം, വൈദ്യുതി, ആരോഗ്യം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ടു മാത്രമേ തീരുമാനമെടുക്കാനാവൂ എന്നതിനാലാണ് ഈ വകുപ്പ് മന്ത്രിമാരെക്കൂടി ഉള്‍പ്പെടുത്തി യോഗം വിളിക്കാന്‍ തീരുമാനിച്ചത്.

സിനിമ ടിക്കറ്റുകള്‍ക്ക് ജിഎസ്ടിക്ക് പുറമെ ഏര്‍പ്പെടുത്തിയിട്ടുള്ള 5 ശതമാനം വിനോദ നികുതി ഒഴിവാക്കുക, തിയേറ്റര്‍ പ്രവര്‍ത്തിക്കാത്ത മാസങ്ങളിലെ വൈദ്യുതി ചാര്‍ജിലും കെട്ടിട നികുതിയിലും ഇളവ് നല്‍കുക തുടങ്ങിയവയാണ് സംഘടനകള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍.

മരയ്ക്കാര്‍ ഒഴികെ സമീപകാലത്ത് നിര്‍മിക്കപ്പെട്ട മിക്ക ചിത്രങ്ങളും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണ്. ഒടിടി ഒരു താല്‍ക്കാലിക പ്രതിഭാസമാണ്. അതിലേക്ക് കൂടുതല്‍ സിനിമകള്‍ പോകില്ല. താല്‍ക്കാലിക പ്രതിസന്ധി മറികടക്കാന്‍ കുറച്ച് സിനിമികള്‍ ഒടിടിയില്‍ റിലീസ് ചെയ്തുവെന്നു മാത്രം. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ചിത്രങ്ങള്‍ തുടര്‍ച്ചയായി റിലീസ് ചെയ്യുന്നതിലെ ആശങ്ക നിര്‍മാതാക്കളോടും താരങ്ങളോടും പങ്കുവെച്ചിട്ടുണ്ടെന്നും തിയേറ്റര്‍ ഉടമകള്‍ പറഞ്ഞു

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!