കെപിസിസി ഭാരവാഹി പട്ടികയായി:56 ഭാരവാഹികള്‍, 5 വനിതകള്‍ഗ്രൂപ്പുകളുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും അവഗണിക്കാതെയാണ് കെപിസിസിയുടെ പുതിയ ഭാരവാഹി പട്ടികയായത്. എങ്കിലും, എഐ ഗ്രൂപ്പുകള്‍ പൂര്‍ണ തൃപ്തരല്ലെന്നണ് വിവരം. എന്‍.ശക്തന്‍, വി.ടി.ബല്‍റാം, വി.ജെ.പൗലോസ്, വി.പി.സജീന്ദ്രന്‍ എന്നിവരാണു പുതിയ വൈസ് പ്രസിഡന്റുമാര്‍. 23 ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍, 28 നിര്‍വാഹക സമിതിയംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി. വൈസ് പ്രസിഡന്റ് പദവിയിലേക്ക് ആദ്യം പരിഗണിക്കപ്പെട്ട പത്മജ വേണുഗോപാലിനെ നിര്‍വാഹക സമിതിയിലുള്‍പ്പെടുത്തി.

കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, പി.ടി.തോമസ്, ടി.സിദ്ദിഖ് എന്നിവര്‍ കൂടി ഉള്‍പ്പെട്ട നിര്‍വാഹക സമിതിയംഗങ്ങളെ ചേര്‍ത്ത് ആകെ 56 പേരാണു പട്ടികയിലുള്ളത്. ഇതില്‍ 3 ജനറല്‍ സെക്രട്ടറിമാരടക്കം 5 പേര്‍ വനിതകള്‍. വി.പ്രതാപചന്ദ്രന്‍ ആണു ട്രഷറര്‍.

ഭാരവാഹിത്വം സംബന്ധിച്ച് സംസ്ഥാനത്തു തീരുമാനിച്ച മാനദണ്ഡങ്ങളില്‍ ഇളവു വേണ്ടെന്ന കെപിസിസി നേതൃത്വത്തിന്റെ ശുപാര്‍ശ ഹൈക്കമാന്‍ഡ് അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം മുന്‍ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയെയും ഒഴിവാക്കി.

പുതിയ ഡിസിസി പ്രസിഡന്റുമാരുടെ പ്രഖ്യാപനം എഐ ഗ്രൂപ്പുകളെ വന്‍ പ്രതിഷേധത്തിലാക്കിയത് കണക്കിലെടുത്താണ് കെപിസിസി ഭാരവാഹികളെ നിശ്ചയിച്ചത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നല്‍കിയ പേരുകളില്‍ പരമാവധി പേരെ ഉള്‍പ്പെടുത്തിയെന്നു നേതൃത്വം വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനുമാണു പട്ടിക തയാറാക്കുന്നതിനു മുന്‍കൈയെടുത്തത്. ഗ്രൂപ്പ്, വനിത, സാമുദായിക പ്രാതിനിധ്യം എന്നിവ പരമാവധി പാലിച്ചുവെന്ന അവകാശവാദത്തിലാണു നേതൃത്വം. അതേസമയം ഭാരവാഹികളിലെ ചില പേരുകള്‍ അസംതൃപ്തിക്കു വഴി വച്ചിട്ടുണ്ട്. അതിലും മെച്ചപ്പെട്ട ആളുകളെ ബന്ധപ്പെട്ട ജില്ലകളില്‍നിന്നു പരിഗണിക്കാനുണ്ടായിരുന്നുവെന്ന അഭിപ്രായമാണ് ഉയര്‍ന്നിരിക്കുന്നത്.

ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ച പട്ടികയില്‍നിന്ന് ഏഴു പേര്‍ ഭാരവാഹികളായി. രമേശ് ചെന്നിത്തല നല്‍കിയ പട്ടികയില്‍നിന്നു നാലു പേരും. അതേസമയം ചെന്നിത്തല മുന്‍ഗണനാപട്ടികയില്‍ പെടുത്തിയ ചിലര്‍ പട്ടികയിലില്ല.

സമീപകാലത്തു പാര്‍ട്ടി അച്ചടക്കം ലംഘിച്ചവര്‍ എന്നതു കണക്കിലെടുത്താണ് എ.വി.ഗോപിനാഥിനെയും കെ.ശിവദാസന്‍നായരെയും ഒഴിവാക്കിയത്. അതേസമയം ഇവരെ തഴയില്ലെന്നും പിന്നീട് പരിഗണിക്കുമെന്നും നേതൃത്വം അറിയിച്ചു.

രമണി പി.നായര്‍, റോയ് കെ.പൗലോസ് എന്നിവര്‍ ആദ്യം പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍ കെപിസിസിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് അന്വേഷണ സമിതി ഇവരുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയതിനാല്‍ തല്‍ക്കാലം മാറ്റിവച്ചു. അന്വേഷണത്തില്‍ കുറ്റവിമുക്തരായാല്‍ ഇവരെ പിന്നീട് പരിഗണിക്കും.

കേരളത്തില്‍നിന്നുള്ള പ്രവര്‍ത്തക സമിതിയംഗങ്ങളും മുന്‍ കെപിസിസി പ്രസിഡന്റുമാരും നിര്‍വാഹക സമിതിയിലെ സ്ഥിരം ക്ഷണിതാക്കളാകും. രാഷ്ട്രീയകാര്യ സമിതിയംഗങ്ങള്‍, എംപിമാര്‍, എംഎല്‍എമാര്‍, കേരളത്തില്‍നിന്നുള്ള എഐസിസി സെക്രട്ടറിമാര്‍, അടുത്തിടെ സ്ഥാനമൊഴിഞ്ഞ ഡിസിസി പ്രസിഡന്റുമാര്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളാകും.

എ.എ. ഷുക്കൂര്‍, ജി. പ്രതാപവര്‍മ തമ്പാന്‍, എസ്. അശോകന്‍, മരിയാപുരം ശ്രീകുമാര്‍, കെ.കെ. ഏബ്രഹാം, സോണി സെബാസ്റ്റ്യന്‍, കെ.ജയന്ത്, പി.എം. നിയാസ്, ആര്യാടന്‍ ഷൗക്കത്ത്, സി. ചന്ദ്രന്‍, ടി.യു. രാധാകൃഷ്ണന്‍, അബ്ദുല്‍ മുത്തലിബ്, ദീപ്തി മേരി വര്‍ഗീസ്, ജോസി സെബാസ്റ്റ്യന്‍, പി.എ. സലീം, പഴകുളം മധു, എം.ജെ. ജോബ്, കെ.പി. ശ്രീകുമാര്‍, എം.എം. നസീര്‍, ആലിപ്പറ്റ ജമീല, ജി.എസ്. ബാബു, കെ.എ. തുളസി, ജി. സുബോധന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!