ഗൗരി ലങ്കേഷ് വധം: പ്രതിക്കെതിരെയുള്ള കുറ്റം സുപ്രീംകോടതി പുനഃസ്ഥാപിച്ചുമാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ കര്‍ണാടക സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമപ്രകാരം(കെ.സി.ഒ.സി.എ.) ചുമത്തിയ കുറ്റം സുപ്രീംകോടതി പുനഃസ്ഥാപിച്ചു. ഗൗരിലങ്കേഷിനെ കൊലപ്പെടുത്തിയ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മോഹന്‍ നായിക്കിനെതിരെ സംഘടിത കുറ്റംകൃത്യം തടയല്‍ നിയമം ചുമത്തണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷ്, കുറ്റം റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

ബെംഗളൂരു പൊലീസ് കമ്മിഷണര്‍ 2018-ല്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് മോഹന്‍ നായക് എന്ന പ്രതിക്കെതിരെ കെ.സി.ഒ.സി.എ. പ്രകാരം കുറ്റംചുമത്തിയത്. ഏപ്രില്‍ 22ന് ഹൈക്കോടതി ഇത് റദ്ദാക്കുകയിരുന്നു.

ഗൗരി ലങ്കേഷിന്റെ കൊലപാതികള്‍ക്ക് കുറ്റകൃത്യത്തിന് മുന്‍പും അതിനുശേഷവും താവളമൊരുക്കിയതില്‍ മോഹന്‍ നായക് സജീവപങ്കാളിത്തം വഹിച്ചുവെന്നാണ് കവിതാ ലങ്കേഷിന്റെ ഹര്‍ജിയിലെ ആരോപണം.

ഗൗരി ലങ്കേഷ് 2017 സെപ്റ്റംബറിലാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സ്വകാര്യ ചാനലിലെ പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ ഗൗരി ലങ്കേഷ് ഗേറ്റ് തുറക്കുന്നതിനിടയില്‍ അക്രമികള്‍ വെടിവെയ്ക്കുകയായിരുന്നു. ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള വസതിയില്‍ വച്ചാണ് കൊലപാതകം നടന്നത്. ഏഴ് റൗണ്ട് വെടിയുതിര്‍ത്തതില്‍ മൂന്നെണ്ണം ശരീരത്തില്‍ തുളച്ചുകയറി. സംഭവസ്ഥലത്ത് വെച്ചുതന്നെ അവര്‍ മരിച്ചു.

വീടിന്റെ വരാന്തയിലാണ് മൃതദേഹം കിടന്നിരുന്നത്.

ഗൗരിലങ്കേഷിനെ കൊലപ്പെടുത്തിയ പരശുറാം വാംഗ്മോറെ അടക്കം 19 പേര്‍ അറസ്റ്റിലായിരുന്നുവെങ്കിലും ഇവരുടെ വിചാരണ ആരംഭിച്ചിരുന്നില്ല.മോഹന്‍ നായിക്കിനെതിരെ സംഘടിത കുറ്റകൃത്യം തടയല്‍ നിയമം

(കെസിഒസിഎ ചുമത്തിയത് റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതി വിധിയാണ് ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി ടി

രവികുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് റദ്ദാക്കിയത്. കര്‍ണാടക ഹൈക്കോടതി നടപടിക്കെതിരെ കവിത ലങ്കേഷ് നല്‍കിയ ഹര്‍ജിയില്‍ സെപ്തംബര്‍ 21ന് വാദം പൂര്‍ത്തിയാക്കിയ ശേഷം സുപ്രീംകോടതി വിധി പറയുന്നതിനായി മാറ്റി വച്ചു.

'ഗൗരി ലങ്കേഷ് പത്രികെ' എഡിറ്ററായ ഗൗരി, കര്‍ണാടകയിലെ വിവിധ മാധ്യമങ്ങളില്‍ കോളമെഴുത്തുകാരിയുമായിരുന്നു.

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി.ലങ്കേഷിന്റെ മകളാണ്.പത്രപ്രവര്‍ത്തനം പഠിച്ചിറങ്ങിയ ഗൗരിയുടെ തുടക്കം ടൈംസ് ഓഫ് ഇന്ത്യയിലായിരുന്നു. പിന്നീട് സണ്‍ഡെ മാഗസിന്‍ അടക്കം പല പത്രങ്ങളിലും ജോലി ചെയ്തു. 2000ത്തില്‍ പിതാവ് പി. ലങ്കേഷിന്റെ മരണശേഷം ബംഗളൂരുവില്‍ തിരിച്ചെത്തി അദ്ദേഹത്തിന്റെ കന്നട ടാബ്ലോയിഡ് വാരികയായ 'ലങ്കേഷ് പത്രികെ' എന്ന പേരില്‍ പുറത്തിറക്കി. സര്‍ക്കാറില്‍നിന്നോ കോര്‍പറേറ്റുകളില്‍നിന്നോ പരസ്യം സ്വീകരിക്കാതെ, കുടുംബത്തിന്റെ പ്രസാധക കമ്പനിയായ 'ലങ്കേഷ് പ്രകാശന'യില്‍ നിന്നുള്ള വരുമാനം മാത്രമുപയോഗിച്ചാണ് 'ഗൗരി ലങ്കേഷ് പത്രികെ' പ്രസിദ്ധീകരിച്ചിരുന്നത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!