ചെന്ന് കേറുന്ന വീട്ടിലെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിച്ചു വിജയിക്കാന്‍ അല്ല മകളെ പഠിപ്പിക്കേണ്ടത്; മുക്ത വിവാദത്തില്‍ പ്രസ്താവനയുമായി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍

ഫ്‌ ളവേഴ്‌സ് ചാനലിലെ പരിപാടിക്കിടെ നടി മുക്ത നടത്തിയ പരാമര്‍ശം വിവാദമായിരിക്കുകായണ്. മകള്‍ നാളെ മറ്റൊരു വീട്ടില്‍ ചെന്നു കേറേണ്ടതിനാല്‍ വീട്ടു ജോലികളൊക്കെ പഠിപ്പിക്കുന്നുണ്ടെന്ന മുക്തയുടെ പരാമര്‍ശത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോള്‍ നടിയുടെ വിവാദ പരാമര്‍ശത്തോടു പരസ്യമായി പ്രതികരിച്ചിരിക്കുകയാണ് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. മകള്‍ അച്ചുവിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് വിഷയത്തില്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ നിലപാടറിയിച്ചത്.

'ഇതെന്റെ മകള്‍ ആണ് അച്ചു. കഴിച്ചു കഴിഞ്ഞ പാത്രം മോറി വെക്കാനും, ബെഡ്ഷീറ്റ് മടക്കി വെക്കാനും ഒക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട് ഞങ്ങള്‍. ഈ പണി ഒക്കെ ഞങ്ങളും (അവളുടെ അപ്പയും അമ്മയും) ചെയ്യാറും ഉണ്ട്, വലിയ ആനകാര്യം ഒന്നുമല്ല അത്. പക്ഷേ വര്‍മ സാറേ, ഒരു ചെറിയ കുഴപ്പം ഉണ്ട്, ഇതൊന്നും പറഞ്ഞു കൊടുത്തത് 'ചെന്ന് കേറുന്ന' വീട്ടിലെ ഏതെങ്കിലും പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിച്ചു വിജയിക്കാന്‍ അല്ല, അവളുടെ സ്വയം പര്യാപ്തതയ്ക്കാണ്.

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സ്വയം പര്യാപ്തരാക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം, അല്ലാതെ കാലഹരണപ്പെട്ട ജെന്‍ഡര്‍ റോള്‍സ് പഠിപ്പിച്ചു റെഗ്രെസ്സ് ചെയ്യിക്കരുത്. അത്രയും പക്വത എങ്കിലും കാണിക്കണം അച്ഛനമ്മമാര്‍', ഹരീഷ് ശിവരാമകൃഷ്ണന്‍ കുറിച്ചു.

ഫ്‌ളവേഴ്‌സിലെ സ്റ്റാര്‍ മാജിക്കില്‍ അഞ്ചു വയസുകാരി കിയാരക്ക് ഒപ്പമായിരുന്നു മുക്ത ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തത്. മകളെ എന്തൊക്കെ ജോലികളാണ് വീട്ടില്‍ പഠിപ്പിച്ചിരിക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് മുക്ത നല്‍കിയ ഉത്തരമാണ് വിവാദമായത്. 'അവളെ എല്ലാം പഠിപ്പിച്ചിട്ടുണ്ട്. കുക്കിങ്, ക്ലീനിങ് എല്ലാം പഠിപ്പിച്ചിട്ടുണ്ട്,' എന്നായിരുന്നു മുക്തയുടെ മറുപടി.

'ഇതെന്താ ബാലവേലയാണോ' എന്നായി പരിപാടിയിലുണ്ടായിരുന്ന ബിനു അടിമാലിയുടെ സംശയം. 'അല്ല, പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്തു പഠിക്കണം ചേട്ടാ... ആര്‍ടിസ്റ്റൊക്കെ കല്ല്യാണം കഴിയുന്നതു വരെയേ ഉള്ളൂ. അതു കഴിഞ്ഞ് നമ്മള്‍ വീട്ടമ്മ ആയി. നമ്മള്‍ ജോലി ചെയ്തു തന്നെ പഠിക്കണം. ഇവള്‍ വേറെ വീട്ടില്‍ കേറി ചെല്ലാനുള്ളതല്ലേ' എന്നായിരുന്നു മുക്തയുടെ മറുപടി. ഇതാണ് വിവാദമായത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!