ലോക ശ്രദ്ധ ആകര്‍ഷിച്ച് ദുബായ് എക്സ്പോ; റെക്കോഡ് സന്ദര്‍ശകരെ സ്വീകരിച്ച്‌​ സൗദി പവലിയന്‍

ദുബായ് : ലോകത്തിന്‍റെ ശ്രദ്ധ ഇപ്പോള്‍ ദുബായിലേക്കാണ്. ദുബായ് 2020 എക്സ്പോ വേദിയിലേക്ക് എത്താന്‍ സന്ദര്‍ശകര്‍ കാത്ത് നില്‍ക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രദര്‍ശന വേദി ആവുകയാണ് ദുബായ് എക്സ്പോ വേദി. എക്സ്‌പോ 2020 സൗദി പവിലിയനില്‍ റെക്കോഡ് സന്ദര്‍ശകരാണ് എത്തിയത്. 23,000 ആളുകളാണ് ഒറ്റ ദിവസം മാത്രം ഇവിടെ എത്തിയത്. ഇതോടെ പവലിയന്‍ ആരംഭിച്ച ശേഷം പ്രവേശിച്ചവരുടെ എണ്ണം രണ്ടു​ ലക്ഷം കടന്നു. വിവിധ പ്രായത്തിലുള്ള വ്യത്യസ്​ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്​. എക്​സ്​പോയുടെ നേട്ടങ്ങളുടെ പട്ടികയില്‍ സൗദിയുടെ നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്​.

ആഗോള സന്ദര്‍ശക സമൂഹത്തില്‍ നിന്ന്​ ലഭിച്ച മികച്ച പ്രതികരണത്തില്‍ പവലിയന്‍ കമീഷണര്‍ ജനറല്‍ എന്‍ജി. ഹുസൈന്‍ ഹന്‍ബസസാഹ്​ സന്തോഷം രേഖപ്പെടുത്തി. പ്രദര്‍ശനത്തിന്റെ ആദ്യദിനം മുതല്‍ സന്ദര്‍ശകരെ ധാരാളമായി ആകര്‍ഷിക്കാന്‍ പവലിയന്​ സാധിച്ചിട്ടുണ്ടെന്നും രാജ്യത്തി​ന്റെ പൈതൃകവും വികസന മുന്നേറ്റങ്ങളും പ്രതിഫലിപ്പിക്കുന്ന ഘടകങ്ങള്‍ അടങ്ങിയതാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യാന്തര എക്സ്പോകൾക്ക് നേതൃത്വമേകുന്ന ബ്യൂറോ ഓഫ് ഇന്റർനാഷനൽ എക്സ്പൊസിഷൻസിലെ 167 അംഗരാഷ്ട്രങ്ങളുടെ വോട്ടെടുപ്പിലൂടെയാണ് 2013 നവംബർ 26ന് എക്സ്പോ 2020യുടെ സംഘാടകരായി ദുബായിയെ തെരഞ്ഞെടുത്തത്. അന്ന് രാജ്യത്ത് വലിയ ആഘോഷമാണ് നടന്നത്. വ്യക്തമായ മുൻതൂക്കത്തോടെ തുർക്കി, റഷ്യ, ബ്രസീൽ എന്നിവരെ പിന്തള്ളിയാണ് അന്നു ദുബായ് ജേതാക്കളായത്. സ്വപ്നമാണ് സാഫല്യമാകുന്നത്. രാജ്യാന്തര എക്സ്പോയുടെ 35–ാം പതിപ്പിനാണ് ദുബായ് വേദിയാകുന്നത്.

70 വർഷത്തെ എക്സ്പോ ചരിത്രത്തിലെ ഏറ്റവും മികച്ച എക്സ്പോ അനുഭവം ഒരുക്കി ദുബായ് സന്ദർശകരെ സ്വാഗതം ചെയ്യുന്നു. 1851 ലെ ലണ്ടൻ പ്രദർശനത്തിൽ തുടങ്ങുന്ന എക്സ്പോ ചരിത്രത്തിൽ ഇത്രത്തോളം വെല്ലുവിളികൾ നേരിട്ട സന്ദർഭങ്ങളും അപൂർവമാണ്. എട്ടുവർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ മഹാമാരിയേയും അതിജീവിച്ച് ദുബായ് എക്സ്പോ യാഥാർഥ്യമായിരിക്കുന്നു. മനുഷ്യ പ്രയത്നങ്ങളുടെ പ്രദർശനവേദിയാണ് ഓരോ എക്സ്പോയും.

മധ്യപൂർവദേശത്തേക്ക് ആദ്യമായെത്തിയ എക്സ്പോ ആവേശമാക്കാനുള്ള ഒരുക്കങ്ങളായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ കണ്ടത്. 2020ൽ നടക്കേണ്ടിയിരുന്ന എക്സ്പോ മഹാമാരി കാരണം 2021 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. മനസുകളെ കൂട്ടിയിണക്കുക; ഭാവി സൃഷ്ടിക്കുക എന്നതാണ് ദുബായ് എക്സ്പോ 2020യുടെ പ്രമേയം. നമ്മുടെ മുൻഗണനകൾക്കും ഉത്തരവാദിത്തങ്ങൾക്കും വെല്ലുവിളി നേരിട്ടുവെന്നും പക്ഷേ, ആത്മവിശ്വാസത്തിന് മാറ്റമില്ലായിരുന്നുവെന്നും എക്സ്പോ 2020 ഡയറക്ടർ ജനറൽ റീം അൽ ഹാഷ്മി പറയുന്നു. സുരക്ഷയോടെയും സമാധാനത്തോടെയും എക്സ്പോ ആസ്വദിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.

മരുഭൂമിയെ സ്വപ്നഭൂമിയാക്കി

മരുഭൂമിയായിരുന്ന 4.3 ചതുരശ്ര കിലോമീറ്റർ സ്ഥലമാണ് കഠിനപ്രയത്നത്തിലൂടെ ഇന്ന് വിസ്മയക്കാഴ്ചകൾക്ക് വേദിയായി മാറിയിരിക്കുന്നത്. 6.8 ബില്യൺ ഡോളർ ചെലവഴിച്ചാണ് ദുബായ് എക്സ്പോ വേദിയൊരുക്കിയത്. രണ്ടരക്കോടി സന്ദർശകരെയാണ് ആറുമാസങ്ങളിലായി പ്രതീക്ഷിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ മേൽനോട്ടത്തിലും നിർദേശത്തിലുമായിരുന്നു എക്സ്പോയുടെ ഓരോ ഘട്ടനിർമാണവും. ദുബായ് നഗരത്തിലേയും എക്സ്പോ വേദിയിലേയും പുൽനാമ്പുകളെ വളർത്തുന്നതു മുതൽ വിസ്മയങ്ങൾ ഒളിപ്പിച്ചുവച്ചിരിക്കുന്ന അൽ വാസൽ കെട്ടിടം വരെയുള്ള ഓരോ നിർമിതിയിലും പുതുമ സൃഷ്ടിക്കാനായെന്നതാണ് എക്സ്പോയുടെ ആദ്യ വിജയം.

അറബ് സംസ്കാരികത്തനിമ

എക്സ്പോയുടെ ലോഗോ തിരഞ്ഞെടുക്കുന്നതു മുതൽ വലിയ കെട്ടിടങ്ങളുടെയും മെട്രോയുടേയുമൊക്കെ നിർമിതികളിൽ വരെ അറബ് സാംസ്കാരികത്തനിമ നിലനിർത്തിയാണ് എക്സ്പോയെ ലോകത്തിനു മുൻപിൽ അവതരിപ്പിക്കുന്നതെന്ന് ദുബായ് എക്സ്പോ ചീഫ് എച്ച്ആർ ഓഫീസർ മർജാൻ ഫറൈദൂനി പറയുന്നു. യുഎഇയിലെ സറൂഖ് അൽ ഹദീദി പുരാവസ്തു ഗവേഷണ കേന്ദ്രത്തിൽ നിന്നു ലഭിച്ച മോതിര സമാനമായ വസ്തുവിൽ നിന്നാണ് ലോഗോയുടെ പ്രമേയം സ്വീകരിച്ചിരിക്കുന്നത്. 3,000 മുതൽ 5,000 വർഷം വരെ പഴക്കമുള്ള ഈ റിങ് പരിഷ്കരിച്ചാണ് മനസുകളെ ബന്ധിപ്പിക്കുകയെന്ന പ്രമേയത്തോടെ ലോഗോ നിർമിച്ചത്.

ഇന്ത്യ തലയുയർത്തി നിൽക്കും

192 രാജ്യങ്ങൾക്കും സ്വന്തം പവലിയനുകളുള്ള ആദ്യ എക്സ്പോയാണ് ദുബായിലേത്. ഏറ്റവും വലിയ പവലിയനുകളിലൊന്ന് ഇന്ത്യയുടേതാണ്. ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളെ ഓർമപ്പെടുത്തുന്ന ചിത്രങ്ങളും കലാസൃഷ്ടികളുമായി പവലിയനിലേക്ക് സന്ദർശകരെ സ്വാഗതം ചെയ്യുന്നു. ഒപ്പം ഇന്ത്യ ലോകത്തിനു സമ്മാനിച്ച ആരോഗ്യജീവിതത്തിന്റെ സന്ദേശമായ യോഗയുടെ വിവിധ രൂപങ്ങളും കാണാം.

നാലുനിലയിൽ 11 സോണുകളായി തിരിച്ചാണ് ഇന്ത്യൻ പവലിയൻ ഒരുക്കിയിരിക്കുന്നത്. ബഹിരാകാശ ശാസ്ത്രം, റൊബോട്ടിക്സ്, വിദ്യാഭ്യാസം, ഊർജം, സൈബർ സുരക്ഷ, ആരോഗ്യം, ക്രിപ്റ്റോ കറൻസി, ബ്ലോക് ചെയ്ൻ തുടങ്ങി വിവിധ മേഖലകളിലെ ഇന്ത്യയുടെ മുന്നേറ്റമാണ് ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്. കേരളമടക്കം 15 സംസ്ഥാനങ്ങളുടേയും അഞ്ചു കേന്ദ്രഭരണ പ്രദേശങ്ങളുടേയും പ്രത്യേക പങ്കാളിത്തമുണ്ടാകും. വ്യവസായ,വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

കാഴ്ചകൾ കണ്ടു മടങ്ങുകയെന്നതിനപ്പുറം വലിയ വാണിജ്യ, വ്യവസായ സാധ്യതകൾക്കു കൂടിയാണ് എക്സ്പോ വഴി തുറക്കുന്നതെന്ന് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ പറഞ്ഞു. വിദ്യർഥികൾക്കും പുതിയ സംരംഭകർക്കുമൊക്കെ വലിയ സാധ്യതകളാണുള്ളത്. ഓരോ രാജ്യത്തിന്റേയും പവലിയനുകളിൽ അതാതു രാജ്യത്തെ വമ്പൻ വ്യവസായികളുമായി നേരിട്ട് കൂടിക്കാഴ്ചയ്ക്ക് അനുമതിയുണ്ടാകും. കണ്ടുപിടുത്തങ്ങളും ആശയങ്ങളും അവതരിപ്പിക്കുന്നതിനും അതുവഴി വാണിജ്യ, സംരംഭ സാധ്യതകൾ കണ്ടെത്തുന്നതിനും പുതിയതലമുറയ്ക്ക് ഏറ്റവും പ്രയോജനപ്പെടുത്താവുന്ന വേദിയായിരിക്കും ദുബായ് എക്സ്പോ 2020.

പ്രധാനമന്ത്രി നരേന്ദ്രമോദി എക്സ്പോ വേദിയിലെ ഇന്ത്യൻ പവലിയൻ സന്ദർശിക്കാനെത്തുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യൻ കോൺസൽ ജനറൽ അമൻ പുരി പറഞ്ഞു. വിനോദസഞ്ചാരം, ആയുഷ്, പെട്രോളിയം, പരിസ്ഥിതി, വനം,കാലാവസ്ഥാ, പുനരുപയോഗ ഊർജം തുടങ്ങിയ മന്ത്രാലയങ്ങളുടെ പങ്കാളിത്തവും ഇന്ത്യൻ പവലിയനിലുണ്ടാകും. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ പ്രത്യേക ലൈറ്റ് ആൻഡ് സൗണ്ട് ഷോയും അവതരിപ്പിക്കും.

ഇന്ത്യയുടെ 75–ാം സ്വാതന്ത്ര്യദിനാഘോഷവും യുഎഇയുടെ അൻപതാം ദേശീയദിനവും ഒരുമിച്ചു ആഘോഷിക്കുന്നതിനൊപ്പം ദീപാവലി, നവരാത്രി തുടങ്ങിയ ഇന്ത്യൻ ഉത്സവങ്ങളും റിപ്ളബ്ളിക് ദിനവും ഇന്ത്യൻ പവലിയനിലെ വലിയ ആഘോഷങ്ങളായിരിക്കും.

കോവിഡിനെ അതിജീവിക്കുന്ന ലോകത്തിന് വലിയ പ്രതീക്ഷയായാണ് എക്സ്പോ പങ്കുവയ്ക്കുന്നത്. ഇന്നുവരെ കാണാത്ത കാഴ്ചകളും വിസ്മയങ്ങളും ഒരുക്കി എക്സ്പോയുടെ വാതിൽ തുറന്നിരിക്കുന്നു. ആറു മാസത്തേക്ക് മികവിന്റെ കാഴ്ചകളാൽ സമ്പന്നമായിരിക്കും ദുബായ് എന്ന ഈ സ്വപ്നനഗരം.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!