മാനവികത പരിപാലിക്കുന്ന സ്ഥാപനങ്ങളെ സഹായിക്കാന്‍ ശ്രമിക്കും: ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള

മഡ്ഗാവ്: ഗോവ ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍പിള്ള സൗത്ത് ഗോവയിലെ വിവിധ അനാഥാലയങ്ങളിലും ജില്ലാ ആശുപത്രിയിലും സന്ദര്‍ശനം നടത്തി. വാസ്‌കോ അയ്യപ്പ ക്ഷേത്രത്തിലെ ദര്‍ശനത്തോടെയാണ് സന്ദര്‍ശനത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് ഫത്തോര്‍പ്പയിലെ മിഷണറീസ് ഒഫ് ചാരിറ്റി സന്ദര്‍ശിച്ചു. അവിടുത്തെ അന്തേവാസികളുമായും, പുരോഹിതന്‍മാരുമായും, സിസ്റ്റര്‍മാരുമായും ഗവര്‍ണര്‍ സംവദിച്ചു. ഉപമുഖ്യമന്ത്രിയും കെപേം എം എല്‍ എയുമായ ചന്ദ്രകാന്ത് കവ്ലേക്കര്‍ ഗവര്‍ണറെ സ്വീകരിച്ചു. തുടര്‍ന്ന് മഡ്ഗാവ് എം എല്‍ എ ദിഗംബര്‍ കാമത്തിന്റെ സാന്നിധ്യത്തില്‍ പാജിഫോണ്ടിലെ ലാര്‍ ഡി സാന്ത തെരേസിന്‍ഞ്ഞ ഇന്‍സ്റ്റിട്യൂട്ടിലും, മഡ്ഗാവിലെ മാതൃച്ഛായ ബാലിക കല്യാണ്‍ ആശ്രമത്തിലും ഗവര്‍ണര്‍ സന്ദര്‍ശനം നടത്തി. പിന്നീട് സൗത്ത് ഗോവ ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ പി. എസ് ശ്രീധരന്‍പിള്ള ഡോ. ഇറ അല്‍മേഡ, മറ്റ് അഡ്മിനിസ്ട്രേറ്റീവ്, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയുടെ 71 -ാം ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 71 അനാഥാലയങ്ങള്‍ക്കും വൃദ്ധസദനങ്ങള്‍ക്കും സഹായം നല്‍കുമെന്ന് ഗവര്‍ണര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഓരോ സ്ഥാപനത്തിനും ഒരു ലക്ഷം രൂപയും ഡയാലിസിസ് രോഗികള്‍ക്ക് 25,000 രൂപയും ഗവര്‍ണര്‍ അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ ആദ്യഘട്ടം സഹായ വിതരണം രാജ്ഭവനില്‍ നടക്കുകയുണ്ടായി.

ഗവര്‍ണറുടെ വിവേചനാധികാര ഫണ്ടുകള്‍ പരമാവധി ജനങ്ങളിലേക്ക് എത്തിക്കാന്‍ ഗവര്‍ണര്‍ എന്ന നിലയില്‍ തന്റെ കടമയായി തീരുമാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

താന്‍ മിസോറാമില്‍ ഗവര്‍ണറായിരുന്നപ്പോള്‍, ഈ ഫണ്ടുകള്‍ അധ:സ്ഥിതര്‍ക്കായി ഉപയോഗിച്ചു. ഗോവയ്ക്കും സമാനമായ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നു. ആളോഹരി വരുമാനത്തില്‍ ഗോവയാണ് മുന്നില്‍. ഒരു ഗവര്‍ണര്‍ എന്ന നിലയിലും രാജ്ഭവന്‍ കോര്‍ഡിനേഷന്‍ സെന്റര്‍ എന്ന നിലയിലും പാര്‍ട്ടി പരിഗണിക്കാതെ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്നത് തുടരാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിച്ച ഗവര്‍ണര്‍ പറഞ്ഞു. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ഏകോപനത്തോടെ രാജ്ഭവന്‍ മാനവികത പരിപാലിക്കുന്ന സ്ഥാപനങ്ങളെ സഹായിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പകര്‍ച്ചവ്യാധിയുടെ സാഹചര്യം അവസാനിച്ചുകഴിഞ്ഞാല്‍ രാജ്ഭവന്‍ സന്ദര്‍ശിക്കണമെന്ന് അദ്ദേഹം അന്തേവാസികളോടും മാനേജ്‌മെന്റുകളോടും അഭ്യര്‍ത്ഥിച്ചു. അനാഥാലയങ്ങളിലെ കുട്ടികളുടെ സാഹിത്യപരവും കലാപരവുമായ പ്രവര്‍ത്തനത്തിന് പരമാവധി പ്രോത്സാഹനം നല്‍കാന്‍ ആലോചിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തില്‍ നിന്നോ കേന്ദ്രത്തില്‍ നിന്നോ എന്തെങ്കിലും സഹായം തേടാനാകുമോ എന്നറിയാന്‍ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ വൃദ്ധസദനങ്ങളും അനാഥാലയങ്ങളും അതുപോലുള്ള സ്ഥാപനങ്ങളും സന്ദര്‍ശിക്കാനാണ് തന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!