ഇടുക്കിയില്‍ കൊറോണ ബാധിതയായ യുവതി ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കി മണിക്കൂറുകള്‍ക്കകം മരിച്ചു

ഇടുക്കി: കൊറോണ ബാധിതയായ യുവതി ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കി മണിക്കൂറുകള്‍ക്കകം മരിച്ചു. ഇടുക്കി മുള്ളരിങ്ങാട് കിഴക്കേക്കരയില്‍ സിജുവിന്റെ ഭാര്യ കൃഷ്‌ണേന്ദുവാണ് പ്രസവത്തിന് പിന്നാലെ മരിച്ചത്. വെള്ളിയാഴ്‌ച്ച ആരോഗ്യം മോശമായതിനെ തുടര്‍ന്നാണ് ഒന്‍പത് മാസം ഗര്‍ഭിണിയായ കൃഷ്‌ണേന്ദുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

ആദ്യം മുള്ളരിങ്ങാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. കളമശ്ശേരിയില്‍ നടത്തിയ പരിശോധനയില്‍ കൊറോണ ബാധിതയാണെന്നും ഗുരുതരമായ ന്യുമോണിയ ഉണ്ടെന്നും കണ്ടെത്തി. ഒക്ടോബര്‍ പത്തിനായിരുന്നു പ്രസവ തീയതി നിശ്ചയിച്ചിരുന്നത്.

എന്നാല്‍ അതുവരെ കാത്തിരിക്കുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടര്‍മാര്‍ വെള്ളിയാഴ്‌ച്ച തന്നെ ശസ്ത്രക്രിയയിലൂടെ ഒന്‍പത് മാസം പ്രായമുള്ള ഇരട്ടക്കുട്ടികളെ പുറത്തെടുത്തു. തുടര്‍ന്ന് രണ്ട് കുഞ്ഞുങ്ങളേയും വെന്റിലേറ്ററിലേക്ക് മാറ്റി. ഇരുവരുടേയും ആരോഗ്യം തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

എന്നാല്‍ പ്രസവിച്ച ശേഷം ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ശനിയാഴ്‌ച്ച ഏഴ് മണിയോടെ കൃഷ്‌ണേന്ദു മരിച്ചു. ഒരു വര്‍ഷം മുന്‍പായിരുന്നു സിജുവിന്റേയും കൃഷ്‌ണേന്ദുവിന്റേയും വിവാഹം. സംസ്‌കാരം ഇന്നലെ വൈകിട്ട് മുള്ളരിങ്ങാട്ടെ വീട്ടില്‍ നടത്തി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!