താലിബാന്‍ വന്നു, എല്ലാം കുളമാക്കി... വനിതാ മന്ത്രാലയത്തില്‍ നിന്നും വനിതകള്‍ പുറത്ത്, ജോലിക്ക് പുരുഷന്‍മാര്‍ മതിയെന്ന് ഭീകരര്‍

കാബൂള്‍: അഫ്ഗാനിലെ വനിതാകാര്യ മന്ത്രാലയത്തില്‍ പ്രവേശിക്കുന്നതിന് വനിതാ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി താലിബാന്‍. വനിതാ ജീവനക്കാരെ വിലക്കിയതായും കെട്ടിടത്തിലേക്ക് പുരുഷന്‍മാര്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചതായും മന്ത്രാലയത്തിലെ ഉദ്യോ​ഗസ്ഥ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാലു വനിതകളെ മന്ത്രാലയത്തിലേക്ക് കടക്കാന്‍ അനുവദിച്ചില്ലെന്നും നടപടിയില്‍ പ്രതിഷേധിച്ച്‌ മന്ത്രാലയത്തിന് സമീപം പ്രകടനം നടത്താനാണ് സ്ത്രീകളുടെ നീക്കമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

20 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും അധികാരത്തിലെത്തിയ താലിബാന്‍ അവരുടെ പഴയകാല പാതയില്‍ നിന്നും പൂര്‍ണമായും വ്യതിചലിച്ചിട്ടില്ല എന്നത് സമീപ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നു. അടുത്തിടെ തുല്യ അവകാശങ്ങള്‍ ആവശ്യപ്പെട്ട് പ്രതിഷേധിച്ച വനിതകള്‍ക്ക് നേരെ താലിബാന്‍ ഭീകരര്‍ അക്രമം അഴിച്ചുവിട്ടിരുന്നു. ആദ്യ താലിബാന്‍ സര്‍ക്കാരിന്റെ കാലത്ത് പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസം നിഷേധിക്കുകയും പൊതുജീവിതത്തില്‍ നിന്ന് അകറ്റുകയും ചെയ്തിരുന്നു. സ്ത്രീകളോടുള്ള മനോഭാവത്തില്‍ ഉള്‍പ്പെടെ തങ്ങള്‍ മാറിയതായി അവര്‍ ഇപ്പോള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും പൊളളയായ അവകാശ വാദമാണിതെന്നത് വ്യക്തമാണ്.

പ്രാകൃത നിയമങ്ങളും ശിക്ഷകളുമായി കളം നിറഞ്ഞ പഴയ താലിബാന്‍ ഭരണത്തെ അഫ്​ഗാന്‍ ജനതയും ലോക രാജ്യങ്ങളും ഇപ്പോഴും മറന്നിട്ടില്ല. താലിബാന്‍ ഭീകരര്‍ ഭരണമേറ്റെടുത്ത 1996-2001 കാലഘട്ടത്തില്‍ സ്ത്രീകളുടെ അവകാശങ്ങളെല്ലാം തന്നെ നിഷേധിക്കപ്പെട്ടിരുന്നു. നിലവില്‍ സര്‍വകാലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ ഭീകരര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ എന്നാല്‍ ക്ലാസുകള്‍ ലിംഗഭേദത്തില്‍ വിഭജിക്കണമെന്നും ഇസ്ലാമിക വസ്ത്രം ധരിക്കേണ്ടത് നിര്‍ബന്ധമാണെന്നും അവര്‍ പറയുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ആണയിടുന്ന താലിബാന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച ഇടക്കാല സര്‍ക്കാരില്‍ ഒരു വനിതാ ഭരണാധികാരിയെ പോലും ഉള്‍പ്പെടുത്തിയിരുന്നില്ല.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!