ഇഷ്ട ആയുധം എകെ 47, ക്വട്ടേഷന്‍ കൊലപാതകങ്ങളിലടക്കം പ്രതികള്‍, ​ലേഡി ഡോണ്‍ റിവോള്‍വര്‍ റാണിയും കാല ജേഠേഡിയും പിടിയിലായതിങ്ങനെ

ന്യൂ‍ഡല്‍ഹി: പന്ത്രണ്ട് സംസ്ഥാനങ്ങളിലായി നടത്തിയ മെ​ഗാ ഓപ്പറേഷന്റെ ഫലമായി ഉത്തരേന്ത്യയിലെ രണ്ട് കൊടും കുറ്റവാളികള്‍ പൊലീസിന്റെ വലയിലായി. കാലാ ജേഠേഡി എന്നറിയപ്പെടുന്ന സന്ദീപ്, റിവോള്‍വര്‍ റാണി എന്നറിയ‌പ്പെടുന്ന അനുരാധ ചൗദ്ധരി എന്നിവരാണ് അറസ്റ്റിലായത്. കോണ്‍ട്രാക്‌ട് കില്ലിം​ഗ്, വ്യാജ മദ്യം കടത്തല്‍, കവര്‍ച്ച, ഭൂമി തട്ടിയെടുക്കല്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരുന്ന അന്താരാഷ്ട്ര സംഘത്തിലെ പ്രതിയാണ് ജേഠേഡിയെന്ന് ഡല്‍ഹി പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. ഡല്‍ഹി-ഹരിയാന പൊലീസ് ആറു ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന ഇയാളെ ഉത്തര്‍പ്രദേശിലെ സഹരന്‍പൂര്‍ ജില്ലയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

ഹരിയാന പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടതിന് ശേഷം 2020 ഫെബ്രുവരി മുതല്‍ ജേഠേഡി ഒളിവിലായിരുന്നു. ഇയാള്‍ക്കൊപ്പം പ്രതിയായ രാജസ്ഥാനിലെ കുപ്രസിദ്ധ ലേഡി ഡോണ്‍ അനുരാ​ഗ ചൗദ്ധരിയും പൊലീസ് പിടിയിലായി. ഇവരെ അറസ്റ്റു ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് രാജസ്ഥാന്‍ പൊലീസ് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ജേഠേഡിയും അനുരാധയും ദമ്ബതികളെന്ന വ്യാജ ഐഡന്റിറ്റിയില്‍ വിവിധ രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ് വരികയായിരുന്നു.

ഇന്‍സ്പെക്ടര്‍ വിക്രം ദഹിയ, ഇന്‍സ്പെക്ടര്‍ സന്ദീപ് ദബാസ് എന്നിവരുടെ നേതൃത്വത്തിലുളള ഡല്‍ഹിയിലെ സ്പെഷ്യല്‍ സെല്ലിലെ കൗണ്ടര്‍ ഇന്റലിജന്‍സ് സംഘം എ.സി.പി രാഹുല്‍ വിക്രമിന്റെ മേല്‍നോട്ടത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പിടിയിലായ അനുരാധയ്ക്ക് തട്ടിക്കൊണ്ട് പോകല്‍, കൊളളയടിക്കല്‍, ആയുധ-എക്സെെസ് നിയമ ലംഘനങ്ങള്‍, വഞ്ചന തുടങ്ങിയ കുറ്റകൃത്യങ്ങളുടെ നീണ്ട ചരിത്രമുണ്ട്.

2017 ജൂണില്‍ പൊലീസ് ഏറ്റുമുട്ടലില്‍ മരിച്ച രാജസ്ഥാന്‍ ആസ്ഥാനമായുള്ള ഗുണ്ടാ നേതാവ് ആനന്ദ് പാലിന്റെ അടുത്ത സഹപ്രവര്‍ത്തകയായിരുന്നു അനുരാധ. ഇവര്‍ രാജസ്ഥാനിലെ നാഗൗര്‍, സിക്കാര്‍, ദിദ്‌വാന തുടങ്ങിയ ബിസിനസ് സമൂഹങ്ങള്‍ക്കിടയില്‍ ഭീകരതയുടെ പര്യായമാണ്. ഇരകളെ ഭയപ്പെടുത്തുന്നതിനായി തന്റെ പ്രിയപ്പെട്ട ആയുധമായ എകെ-47 അനുരാധ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.

അനുരാധ രാജസ്ഥാനില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. വിവിധ ​ഗുണ്ടാ നേതാക്കളും ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടാക്കി ജേഠാഡിയും അനുരാധയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇന്ത്യയ്ക്ക് പുറത്തും സംഘടിതമായി പ്രവര്‍ത്തിച്ചിരുന്നു. നാല് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ​ഗുണ്ടാ ഭീകരതയുടെ പര്യായമായിരുന്നു ഇവരുടെ സംഘം.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!