വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം നിലനില്‍ക്കെയുള്ള രാകേഷ് അസ്താനയുടെ നിയമനം; കേന്ദ്ര നടപടിയെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ്

ന്യൂഡെല്‍ഹി: ( 29.07.2021) മുന്‍ സി ബി ഐ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയെ ഡെല്‍ഹി പൊലീസ് കമീഷണറായി നിയമിച്ച കേന്ദ്ര നടപടി വിവാദത്തില്‍. നിയമന നടപടിയെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. വിഷയം ഡെല്‍ഹി നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ ആം ആദ്മി പാര്‍ടിയും തീരുമാനിച്ചു.

വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം നിലനില്‍ക്കെ അസ്താനയെ കമീഷണറായി നിയമിക്കുകയും പിന്നീട് കാലാവധി നീട്ടി നല്‍കുകയും ചെയ്തത് സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്ന വാദമാണ് ഇരു പാര്‍ടികളും ഉയര്‍ത്തുന്നത്.

ഇനി ദിവസങ്ങള്‍ മാത്രമാണ് വിരമിക്കാന്‍ ബാക്കിയുണ്ടായിരുന്നത്. ഒരു വര്‍ഷത്തേക്കാണ് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. ജൂലായ് 31നാണ് അസ്താന വിരമിക്കുന്നത്. മറ്റേതെങ്കിലും വകുപ്പില്‍ നിന്ന് ഡെല്‍ഹി പൊലീസിന്റെ ഉന്നത പദവി ലഭിക്കുന്ന മൂന്നാമത്തെ ഓഫീസറാണ് അസ്താന.

നിലവില്‍ ഗുജറാത്ത് കേഡര്‍ ഐ പി എസ് ഓഫീസറായ അസ്താനയെ കേന്ദ്ര കേഡറിന്റെ കീഴില്‍ വരുന്ന ഡെല്‍ഹി പൊലീസില്‍ നിയമിച്ചതിനെതിരെ പൊലീസിനകത്ത് അമര്‍ഷമുണ്ടെന്നാണ് റിപോര്‍ടുകള്‍.

2019 ജനുവരിയില്‍ സി ബി ഐ സ്പെഷല്‍ ഡയക്ടറായിരിക്കേ അന്നത്തെ മേധാവി അലോക് വര്‍മയുമായി കൊമ്ബ് കോര്‍ത്തതു വിവാദമായി. അസ്താനയെ സ്പെഷല്‍ ഡയറക്ടറായി നിയമിച്ചത് അലോക് വര്‍മ എതിര്‍ത്തിരുന്നു. തുടര്‍ന്ന് വര്‍മയ്ക്കൊപ്പം സി ബി ഐയില്‍ നിന്നു പുറത്തുപോയ അസ്താനയെ നാര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഡയറക്ടര്‍ ജനറലായി നിയമിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും അടുത്ത ബന്ധമാണ് അസ്താനയ്ക്കുള്ളത്. പ്രധാനമന്ത്രി പറയുന്നത് അതേപടി നടപ്പാക്കുന്നയാളാണ് അസ്താനയെന്ന് നേരത്തെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!