മുഖ്യപ്രതിയുമായി ബന്ധം; കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടിയ കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോടീസ്

കരിപ്പൂര്‍: ( 24.06.2021) രാമനാട്ടുകരയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് ക്വടേഷന്‍ സംഘത്തലവന്‍ കണ്ണൂരിലെ അര്‍ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോടീസ് അയച്ചു. ജൂണ്‍ 28ന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നോടീസ് നല്‍കിയിരിക്കുന്നത്.

അര്‍ജുന് കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷെഫീഖുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. ഷെഫീഖ് അര്‍ജുന്‍ ആയങ്കിയെ നിരവധി തവണ വിളിച്ചതിന്റെ രേഖകളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഷഫീഖിനെ അവസാനമായി വിളിച്ചത് അര്‍ജുനായിരുന്നു. ഷഫീഖ് വിമാനത്താവളത്തിനുള്ളില്‍വെച്ച്‌ കസ്റ്റംസ് പിടിയിലായ വിവരം അറിഞ്ഞയുടന്‍ അര്‍ജുന്‍ ഫോണ്‍ സ്വിച് ഓഫാക്കി ഒളിവില്‍ പോകുകയായിരുന്നു.

മാത്രമല്ല രാമനാട്ടുകരയില്‍ അപകടം നടന്ന ദിവസം അര്‍ജുന്‍ ആയങ്കി അവിടെ എത്തിയിരുന്നെന്ന സ്ഥിരീകരിക്കാത്ത റിപോര്‍ടുകളും പുറത്ത് വരുന്നുണ്ട്. ഇതിന്റെ തെളിവായ ചുവന്ന സ്വിഫ്റ്റ് കാര്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നെങ്കിലും കസ്റ്റംസ് സംഘം എത്തുന്നതിന് മുമ്ബ് അര്‍ജുന്‍ ആയങ്കിയുടെ സംഘാംഗങ്ങള്‍ അത് മാറ്റിയിരുന്നു.

അതേസമയം മുഹമ്മദ് ഷഫീഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കും. 10 ദിവസത്തേക്കാണ് ഷഫീഖിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടുക. ഇതിനായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം എറണാകുളത്തെ സാമ്ബത്തിക കുറ്റകൃത്യ കോടതിയെ സമീപിക്കും.

നാല് വര്‍ഷമായി സ്വര്‍ണക്കടത്ത് ക്വടേഷന്‍ സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അര്‍ജുന്‍ ഇതിനോടകം കോടികളുടെ സ്വര്‍ണം പിടിച്ചുപറിച്ചെന്നാണ് വിവരം. ഇയാള്‍ കഴിഞ്ഞ ദിവസം കരിപ്പൂരേക്ക് പോകാന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാര്‍ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞില്ല. കരിപ്പൂരില്‍ നിന്നും അഴീക്കോട് എത്തിച്ച്‌ ഉരു നിര്‍മ്മാണ ശാലയ്ക്കടുത്ത് ഒളിപ്പിച്ച കാര്‍, പൊലീസ് എത്തും മുന്‍പേ അര്‍ജുന്റെ കൂട്ടാളികള്‍ മാറ്റിയിരുന്നു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയെങ്കിലും കാര്‍ കണ്ടെത്താനായില്ല.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!