പ്രത്യേകം അന്വേഷിക്കില്ല; 
വീണയും ധര്‍മജനും വഴിയാധാരം

തിരുവനന്തപുരം

വട്ടിയൂര്‍ക്കാവിലെ വീണ എസ് നായരുടെ പോസ്റ്റര്‍ ആക്രിക്കടയില്‍ വിറ്റതും ബാലുശേരിയില്‍ പണം പിരിച്ച്‌ തട്ടിയെടുത്തെന്ന ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ പരാതിയും കെപിസിസി പ്രത്യേകം അന്വേഷിക്കില്ല. വീണയുടെ പരാതി അന്വേഷിക്കാന്‍ രൂപീകരിച്ച ജോണ്‍സണ്‍ എബ്രഹാം കമ്മിറ്റി ഇനിയുണ്ടാകില്ല. പുതുതായി മേഖലാതലത്തില്‍ രൂപീകരിച്ച അച്ചടക്ക സമിതി മറ്റു പരാതികള്‍ക്കൊപ്പമേ ഇതും അന്വേഷിക്കൂ. അതോടെ യുഡിഎഫ് സ്ഥാനാര്‍ഥികളായിരുന്ന വീണ എസ് നായരുടെയും ധര്‍മജന്‍ ബോള്‍ഗാട്ടിയുടെയും പരാതികള്‍ക്ക് ഒരു വിലയുമില്ലാതായി.

ബുധനാഴ്ച ഇന്ദിരാഭവനില്‍ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതിയാണ് അഞ്ച് മേഖലകളില്‍ മൂന്നുപേര്‍ വീതം അടങ്ങിയ അച്ചടക്ക സമിതി രൂപീകരിച്ചത്. സംസ്ഥാന –-ജില്ലാ-തലങ്ങളിലും അച്ചടക്ക സമിതിയുണ്ടാകും. കെപിസിസിക്ക് ജംബോ കമ്മിറ്റി ഉണ്ടാകില്ലെന്നും 51 അംഗ കമ്മിറ്റിയാകും പ്രവര്‍ത്തിക്കുകയെന്നും പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.

വനിതകള്‍ക്കും എസ്സി, എസ്ടി വിഭാഗങ്ങള്‍ക്കും പത്ത് ശതമാനംവീതം സംവരണം നടപ്പാക്കും. പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കും. ഭാരവാഹികളുടെ പ്രവര്‍ത്തനം ആറുമാസം കഴിഞ്ഞാല്‍ വിലയിരുത്തും. പുതുതായി മണ്ഡലം കമ്മിറ്റികളും അയല്‍ക്കൂട്ട കമ്മിറ്റികളും രൂപീകരിക്കും. 51 പേരെ മാത്രംവച്ച്‌ മുന്നോട്ടു പോകാനാകുമോയെന്ന ചോദ്യത്തിന് അതിനുള്ള ശേഷി തനിക്കുണ്ടെന്നായിരുന്നു സുധാകരന്റെ മറുപടി.

മറ്റ് ഒരു കാര്യങ്ങളും പറയില്ലെന്ന ആമുഖത്തോടെയാണ് സുധാകരന്‍ വാര്‍ത്താ സമ്മേളനം തുടങ്ങിയത്. വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി സിദ്ദിഖ്, പി ടി തോമസ് എന്നിവരും പങ്കെടുത്തു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!