കെന്നത് കൗണ്ട -ഒരു യുഗത്തിന്റെ അവസാനം

കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ സാംബിയന്‍ പ്രസിഡന്റ് കെന്നെത് കൗണ്ടയുടെ മരണവിവരം ഇന്ത്യയിലെ പ്രധാന പത്രങ്ങള്‍പോലും അറിഞ്ഞില്ലെന്ന് തോന്നുന്നു . ആഫ്രിക്കന്‍ ചരിത്രത്തില്‍ ഒരു പുതുയുഗം വിരചിച്ച നേതാക്കളില്‍ അവസാന കണ്ണി ആയിരുന്നു കൗണ്ട. മണ്ടേലയും ടാന്‍സാനിയയിലെ ന്യേരേറെയും ഘാനയിലെ ക്വാമെ ക്രുമാ തുടങ്ങിയ ആഫ്രിക്കന്‍ ദേശീയത ഉയര്‍ത്തിപ്പിടിച്ച നേതാക്കളില്‍ മുന്‍ നിരയിലെ നേതാവാണ് കെന്നെത് കൗണ്ട.1924 ല്‍ ഒരു ക്രിസ്ത്യന്‍ മിഷനറി ടീച്ചറുടെ മകനായി ജനിച്ച കൗണ്ടയുടെ അമ്മ ഉന്നത വിദ്യാഭ്യാസം ലഭിച്ച ആ നാട്ടിലെ ആദ്യത്തെ അധ്യാപകനായിരുന്നു. സമകാലീനനായ ടാന്‍സാനിയന്‍ നേതാവ് ജൂലിയസ് ന്യേരേറെയും മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയര്‍ ആയുള്ള പരിചയം അദ്ദേഹത്തെ ഗാന്ധിയന്‍ ആശയത്തിലൂന്നിയ സമരപാത പിന്തുടരുവാന്‍ പ്രേരിപ്പിച്ചു.

അച്ഛന്റെ മാതൃക പിന്തുടര്‍ന്നു അധ്യാപകനായി ജീവിത സപര്യ തുടങ്ങിയ അദ്ദേഹം ടാന്‍സാനിയയിലും കുറച്ചു കാലം ജോലി ചെയ്തിരുന്നു.1950 മുതല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം 1960 ല്‍ സ്വന്തമായി പാര്‍ട്ടി രൂപികരിച്ചു. ചെറിയ കാലയളവിലേക്കെങ്കിലും പല പ്രാവശ്യം ജയില്‍ വാസം അനുഭവിച്ച അദ്ദേഹം വെള്ളക്കാരുടെ ഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭം നയിച്ചു . നോര്‍ത്തേണ്‍ റൊഡേഷ്യ (ഇന്നത്തെ സാംബിയ),സൗത്തേണ്‍ റൊഡേഷ്യ (ഇന്നത്തെ സിംബാബെ )ന്യാസലന്‍ഡ് (മലാവി) ഈ മൂന്ന് രാജ്യങ്ങളേയും ഒരു ഫെഡറേഷന്‍ ആക്കാനുള്ള നീക്കം ശക്തമായി എതിര്‍ത്ത കൗണ്ട 1964 സാംബിയ യുടെ ആദ്യത്തെ പ്രസിഡന്റ് ആയി. ചേരി ചേരാ നയം പിന്തുടര്‍ന്ന അദ്ദേഹം ചൈനയുടേയും സോവിയറ്റ് യൂണിയന്റെയും അമേരിക്കയുടെയും എല്ലാം സഹായം സ്വീകരിച്ചിരുന്നു.

ഏതു ആഫ്രിക്കന്‍ ഭരണാധികാരിയെയും പോലെ ഏകാധിപത്യ സ്വഭാവം അദ്ദേഹം പ്രകടിപ്പിച്ചിരുന്നെങ്കിലും എതിര്‍ക്കുന്നവരെ വേട്ടയാടി നശിപ്പിച്ചിരുന്നില്ല .'ഒരു രാജ്യം ഒരു പാര്‍ട്ടി 'നയം പ്രഖ്യാപിച്ച അദ്ദേഹം 1980 കളുടെ അവസാനം ആയപ്പോഴേക്കും സാമ്ബത്തിക പ്രതിസന്ധി മൂലം പല പ്രക്ഷോഭങ്ങളും നേരിടേണ്ടി വന്നു. ബഹുപാര്‍ട്ടി നയം പ്രഖ്യാപിക്കേണ്ടി വന്ന കൗണ്ട (കെ.കെ. എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്) 1991 തെരെഞ്ഞെടുപ്പില്‍ തോല്‍വി നേരിടുകയും ജനാധിപത്യ രീതിയില്‍ രാജിവെക്കുകയും ചെയ്തു.

1997 തെരെഞ്ഞെടുപ്പില്‍ ഒരു തിരിച്ചു വരവിനു ശ്രമിച്ചെങ്കിലും അദ്ദേഹത്തിനെതിരെ ഉണ്ടായ വധശ്രമം ആ ഉദ്യമത്തില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചു. അദ്ദേഹത്തിന്റെ ഒരു മകന്‍ 1999 ല്‍ വീടിനു പുറത്തു വെച്ച്‌ വധിക്കപ്പെട്ടു.

1991 തെരെഞ്ഞെടുപ്പില്‍ അദ്ദേഹം തോല്‍ക്കുവാനുണ്ടായ പ്രധാന കാരണം അവശ്യവസ്തുക്കളുടെ വിലകയറ്റമായിരുന്നു. കൗണ്ടയുടെ ആത്്മീയ ഗുരുവായ മഹാഋഷി മഹായോഗിക്കു സാംബിയ യുടെ നല്ലൊരു ഭാഗം 'ഭൂമിയിലെ സ്വര്‍ഗം' എന്നറിയപ്പെടുന്ന ആശ്രമം സ്ഥാപിക്കുവാന്‍ സ്ഥലം വിട്ടുകൊടുക്കാനുള്ള തീരുമാനവും അദ്ദേഹത്തിന്റെ തോല്‍വിക്ക് പുറകിലെ മറ്റൊരു കാരണമായിരുന്നു. പല സാമ്ബത്തിക നടപടികളും തികഞ്ഞ പരാജയമായി മാറിയപ്പോള്‍ രാജ്യത്തിന്റെ കട ബാധ്യത വികസനത്തെ തടസപ്പെടുത്തി.ഫ്രെഡറിക് ചിലുബ മഹാഭൂരിപക്ഷത്തില്‍ ആ തെരെഞ്ഞെടുപ്പില്‍ വിജയിച്ചു. ചിലുബയുടെ ഭരണത്തെ ശക്തിയുക്തം എതിര്‍ത്ത കൗണ്ടയെ പിതാവിന്റെ മലാവി പൗരത്വം ബന്ധപ്പെടുത്തി 1996 ലെ തെരെഞ്ഞെടുപ്പില്‍ നിന്ന് വിലക്കി. 1997 ല്‍ ഒരു അട്ടിമറിയിലൂടെ കൗണ്ട ഭരണം പിടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയും വീട്ടുതടങ്കലില്‍ ആവുകയും ചെയ്തു.സാംബിയ പൗരത്വം കോടതി വിധിയിലൂടെ 1998 ല്‍ ലഭിച്ചെങ്കിലും അദ്ദേഹം ആ വര്‍ഷം രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചു. കെ.കെ.യുടെ വ്യക്തിപ്രഭാവം സാംബിയക്കു അന്താരാഷ്ട്ര സമൂഹത്തില്‍ ഒരു പ്രധാന സ്ഥാനം ലഭിക്കുന്നതില്‍ പങ്കു വഹിച്ചു എന്നുള്ളത് അദ്ദേഹത്തിന്റെ പ്രധാന നേട്ടമാണ്.സമകാലീനനായ മുഗാബെയും മറ്റു ആഫ്രിക്കന്‍ നേതാക്കളെയും പോലെ സ്വന്തം ജനതയെ അധികാരത്തിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അദ്ദേഹം ഒരിക്കലും വക വരുത്തിയില്ല എന്നുള്ളത് ഏറ്റവും പ്രധാന സവിശേഷതയാണ്.ആഫ്രിക്കന്‍ ചരിത്രം പലപ്പോഴും നാം അറിയുന്നത് ക്രൂരരായ ഭരണാധികാരികളുടെ പ്രവൃത്തി കൊണ്ടാണ് എന്നുള്ളത് വിധി വൈപരീത്യം.

1986 എയ്ഡ്‌സ് മൂലം മരണപ്പെട്ട മകന്റെ ഓര്‍മ്മക്കായി സാമൂഹിക ഉന്നമനത്തിനുള്ള പ്രവൃത്തിയില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധ ചെലുത്തി. റോവിങ് അംബാസഡര്‍ ഓഫ് സാംബിയ ആയി അദ്ദേഹം രാഷ്ട്രീയ വിടവാങ്ങലിനു ശേഷം നിയമിതനായി.മഹാത്മാ ഗാന്ധിയുടെ ആശയങ്ങളില്‍ വളരെ ആകൃഷ്ടനായിരുന്ന കൗണ്ട, ഇന്ദിരാ ഗാന്ധിയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു. ഇന്ദിരാഗാന്ധി മൂന്നു പ്രാവശ്യം സാംബിയ സന്ദര്‍ശിച്ചിരുന്നു.

സാംബിയയുടെ പരമോന്നത മെഡല്‍ ആയ 'ഓര്‍ഡര്‍ ഓഫ് ഗ്രാന്‍ഡ് കംപാനിയന്‍ ഓഫ് ഫ്രീഡം 'നല്‍കി ആണ് കൗണ്ട ഇന്ദിരാഗാന്ധിയെ ആദരിച്ചത്. ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഏഷ്യന്‍ രാഷ്ട്രീയ നേതാവാണ് ഇന്ദിരാഗാന്ധി. ഇന്ദിരാഗാന്ധിയുടെ സാംബിയ സന്ദര്‍ശനത്തിനിടയിലെ വൈല്‍ഡ് ലൈഫ് പാര്‍ക്കിലെ സഫാരി അക്കാലത്തെ പ്രമുഖ പത്രങ്ങളിലെ പ്രധാന വാര്‍ത്ത ആയിരുന്നു.ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത് അറിഞ്ഞു ശവസംസ്‌കാര ചടങ്ങിനിടയില്‍ പൊട്ടിക്കരഞ്ഞ രണ്ടു നേതാക്കളായിരുന്നു യാസര്‍ അറാഫാത്തും കെന്നെത് കൗണ്ടയും. അത്ര അടുത്ത ബന്ധം ഇന്ദിരാഗാന്ധിയുമായി കൗണ്ട പുലര്‍ത്തിയിരുന്നു.ആഫ്രിക്കന്‍ ചരിത്രത്തിലെ ദേശീയതക്ക് വേണ്ടി നില കൊണ്ട, സമാധാന പാത പിന്തുടര്‍ന്ന ,യഥാര്‍ത്ഥ ആഫ്രിക്കന്‍ പുത്രനായി അദ്ദേഹം എന്നും സ്മരിക്കപ്പെടും. സ്വന്തമായി രചിച്ച ഗാനങ്ങള്‍ പാടി തന്റെ ഒരു സൈക്കിളില്‍ പ്രഭാത സവാരിക്കിറങ്ങുന്ന കെന്നെത് കൗണ്ടയെ സാംബിയക്കാര്‍ മാത്രമല്ല, ഒരാഫ്രിക്കനും മറക്കില്ല.

അഭിഷേക് പള്ളത്തേരി

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!