വെള്ളത്തില്‍ അലിയിച്ച്‌​ കഴിക്കുന്ന കോവിഡ്​ പ്രതിരോധ മരുന്ന്​ 11 മുതല്‍ വിതരണം ചെയ്യുമെന്ന്​ ഡി.ആര്‍.ഡി.ഒ മേധാവി

ന്യൂഡല്‍ഹി: ഡിഫന്‍സ്​ റിസര്‍ച്ച്‌​ ആന്‍ഡ്​ ഡെവലപ്​മെന്‍റ്​ ഒാര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) വികസിപ്പിച്ചതെന്ന പേരില്‍ കോവിഡിനെതിരായ മരുന്നിന്​​ രാജ്യത്ത്​ അടിയന്തര​ ഉപയോഗത്തിന്​ അനുമതി നല്‍കിയത് കഴിഞ്ഞ ദിവസമായിരുന്നു. ഡ്രഗ് 2-ഡിഓക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന മരുന്ന്, ഡി.ആര്‍.ഡി.ഒ ലാബും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. റെഡ്ഡീസ് ലബോറട്ടറിയും ചേര്‍ന്നായിരുന്നു​ വികസിപ്പിച്ചത്.

വെള്ളത്തില്‍ അലിയിച്ചു കഴിക്കുന്ന തരം പൗഡര്‍ രൂപത്തിലുള്ള മരുന്നാണിത്​. ഡ്രഗ്​സ്​ കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ​ (ഡി.സി.ജി.ഐ) അനുമതി നല്‍കിയ മരുന്ന്​ മെയ്​ 11 ചൊവ്വാഴ്​ച്ച മുതല്‍ അടിയന്തര ഉപയോഗത്തിനായി വിതരണം ചെയ്യാന്‍ തുടങ്ങുമെന്ന്​ അറിയിച്ചിരിക്കുകയാണ് ഡി.ആര്‍.ഡി.ഒ​ മേധാവി ജി. സതീശ്​ റെഡ്ഡി. ഒരു ദേശീയ മാധ്യമത്തിന്​ നല്‍കിയ അഭിമുഖത്തിലാണ്​ സതീശ്​ റെഡ്ഡി ഇക്കാര്യം വെളിപ്പെടുത്തിയത്​.

കോവിഡ്​ വൈറസിനെ ചെറുക്കുന്നതില്‍ മരുന്ന്​ ഫലപ്രദമാണെന്നും ലഭ്യതയ്ക്ക് അനുസരിച്ച്‌ ആശുപത്രികളില്‍ വിതരണം ചെയ്യുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പ്രത്യേകസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി. ശരീരത്തിലെ ഓക്സിജ​െന്‍റ അളവ് മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും ഡിആര്‍ഡിഒ മേധാവി വാഗ്ദാനം ചെയ്യുന്നുണ്ട്​. കൊറോണ വൈറസ് രോഗികള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ മരുന്ന് ഫലം കാണിക്കുമെന്ന്​ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മരുന്നി​െന്‍റ ഫലപ്രാപ്​തി ചോദ്യംചെയ്​ത് ആരോഗ്യ മേഖലയിലെ വിദഗ്​ധര്‍ പലരും​ രംഗത്തെത്തിയിട്ടുണ്ട്​. അത്​ കോവിഡിനെതിരെയുള്ള മരുന്നല്ലെന്നും ചില കോശങ്ങളുടെ മാത്രം ഒാക്​സിജന്‍ ഡിമാന്‍ഡ്​ കുറക്കാന്‍ മാത്രമേ അതിന്​ ക​ഴിയൂ എന്നും അറിയപ്പെടുന്ന കോശ ശാസ്​ത്രജ്ഞനും യൂനിവേഴ്​സിറ്റി ഒാഫ്​ ചിക്കാഗോയിലും ജോണ്‍ഹോപ്​കിന്‍സ്​ സര്‍വ്വകലാശാലയിലും ജോലിചെയ്​തിരുന്ന ആളുമായ എതിരന്‍ കതിരവന്‍ പറഞ്ഞിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!