തിരുവനന്തപുരം ജില്ലയിലെ വാക്‌സിനേഷന്‍ സെന്ററുകളിലെ തിരക്കു നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടി

തിരുവനന്തപുരം: ജില്ലയിലെ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ തിരക്കു നിയന്ത്രിക്കുന്നതിനും ജനങ്ങള്‍ക്കു കൂടുതല്‍ സൗകര്യമുറപ്പാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി തൊട്ടടുത്ത ദിവസം വാക്‌സിനേഷന്‍ നടക്കുന്ന സെന്ററുകളുടെ വിവരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തയ്യാറാക്കി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. ബന്ധപ്പെട്ട പ്രദേശത്തെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ മതിയായ പോലീസ് സാന്നിദ്ധ്യം ഉറപ്പാക്കുകയും ബലപ്രയോഗമോ ആള്‍ക്കൂട്ടമോ കൂടാതെ കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കുകയും ചെയ്യും.

ഓരോ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും അതത് ദിവസം എത്രപേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നുവെന്ന വിവരം അതത് സെന്ററുകളില്‍ പ്രദര്‍ശിപ്പിക്കണം. വാക്‌സിന്‍ സെന്ററിന്റെ ചുമതലയുള്ളയാള്‍ ഇക്കാര്യം ഉറപ്പാക്കണം. ടോക്കന്‍ സംവിധാനവും നടപ്പിലാക്കണം. വാക്‌സിനേഷന്‍ സെന്ററുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിന് പോലീസ്, എക്‌സൈസ്, ഫയര്‍ ഫോഴ്‌സ് തുടങ്ങിയ യൂണിഫോം ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെയോ സന്നദ്ധ സേനാ പ്രവര്‍ത്തകരുടെയോ സേവനം ആവശ്യമെങ്കില്‍ ബന്ധപ്പെട്ട പ്രദേശത്തെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് ഉപയോഗപ്പെടുത്താം.

വാക്‌സിനേഷനു വരുന്നവര്‍ക്ക് ക്യൂ പാടില്ല. പകരം മുന്‍കൂട്ടി തയ്യാറാക്കിയ ടോക്കണ്‍ നല്‍കി ഇരിക്കുവാനുള്ള സൗകര്യം ക്രമീകരിക്കണം. ഇക്കാര്യം ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ ചുമതലയുള്ളവര്‍ ഉറപ്പാക്കണം. ബന്ധപ്പെട്ട വാര്‍ഡ് മെമ്ബര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ഇക്കാര്യങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ തയ്യാറാകണം. ആവശ്യമെങ്കില്‍ വാര്‍ഡുതല സമിതി, വാര്‍ഡുതല വാര്‍ റൂം എന്നിവയുടെ സേവനവും ഉപയോഗപ്പെടുത്താം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ആവശ്യമായ സന്നദ്ധപ്രവര്‍ത്തകരെ വാര്‍ഡുതല വാര്‍ റൂമില്‍ നിന്നും ലഭ്യമാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉറപ്പാക്കണം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഒരുതരത്തിലുള്ള കോവിഡ് പ്രോട്ടോക്കോള്‍ ലംഘനവും അനുവദിക്കില്ല. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുന്നതായിരിക്കും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!