ആദ്യം കിറ്റില്‍ വീഴ്ത്തി പിന്നീട് വിഴുങ്ങി; മൂന്നില്‍ രണ്ടുകാര്‍ഡ് ഉടമകള്‍ക്കും വിഷുവിനുള്ള കിറ്റ് കിട്ടിയില്ല

തിരുവനന്തപുരം: സാധാരണക്കാരെ കിറ്റില്‍ വീഴ്‌ത്തിയ സര്‍ക്കാര്‍ ഇപ്പോള്‍ പാവങ്ങളെ വലയ്ക്കുന്നു. സ്‌പെഷ്യല്‍ ഭക്ഷ്യകിറ്റ് മുടങ്ങിയാല്‍ കേരളം പട്ടിണിയാകുമെന്ന കരച്ചില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വിഴുങ്ങി സര്‍ക്കാര്‍. ഏപ്രില്‍ പകുതി കഴിഞ്ഞിട്ടും ഈ മാസത്തെ സ്‌പെഷ്യല്‍ ഭക്ഷ്യ കിറ്റ് റേഷന്‍ കാര്‍ഡ് ഉടമകളില്‍ പകുതി പേര്‍ക്കും കിട്ടിയില്ല എന്നുവരുന്നത് ആലോചിക്കേണ്ട വിഷയമാണ്. സപ്ലൈകോ ജീവനക്കാരുടെ പ്രയത്‌നത്തെ വിലയിടിച്ചു കാണുന്നുവെന്നും വ്യാജ വാര്‍ത്തകളെന്നുമുള്ള സപ്ലൈകോയുടെ പരാതി കണക്കിലെടുത്താലും ഇക്കാര്യത്തില്‍ കാലതാമസം നേരിട്ടുന്നുവെന്ന് പറയാതെ വയ്യ.

എന്നാല്‍ 90.21 ലക്ഷം കാര്‍ഡ് ഉടമകളില്‍ 31.18 ലക്ഷം പേര്‍ ഇന്നലെ വൈകിട്ടു 7 മണി വരെയുള്ള കണക്കുകള്‍ പ്രകാരം കിറ്റ് വാങ്ങി. ഇനി വിതരണം ചെയ്യാനുള്ളത് 59 ലക്ഷത്തില്‍പരം കാര്‍ഡ് ഉടമകള്‍ക്ക്. തിരഞ്ഞെടുപ്പിനു ശേഷം കിറ്റ് വിതരണം താളം തെറ്റിയിരുന്നു. ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ കഴിഞ്ഞതോടെ വിതരണം നിര്‍ത്തിയെന്നും പ്രചാരണമുണ്ടായി. എന്നാല്‍, ജീവനക്കാര്‍ പലരും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ പോയതിനാല്‍ കിറ്റ് നിറയ്ക്കാന്‍ താമസം നേരിട്ടതല്ലാതെ മറ്റു പ്രശ്‌നങ്ങളില്ലെന്നു സപ്ലൈകോ വ്യക്തമാക്കി. കിറ്റ് തയാറാക്കാനുള്ള മുഴുവന്‍ പണവും സപ്ലൈകോയ്ക്കു നേരത്തേ കൈമാറിയിട്ടുണ്ടെന്നു ഭക്ഷ്യപൊതുവിതരണ വകുപ്പും അറിയിച്ചു. അതേസമയം, മുന്‍ഗണന ഇതര വിഭാഗത്തിലെ 50 ലക്ഷത്തോളം വരുന്ന നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്കുള്ള 10 കിലോ സ്‌പെഷല്‍ അരിയുടെ വിതരണം മെല്ലെപ്പോക്കിലാണ്. ഈ അരി ഇതുവരെ 11.27 ലക്ഷം പേര്‍ വാങ്ങിയതായാണു കണക്ക്.

അതേസമയം രണ്ടാഴ്ചക്കുള്ളില്‍ ഏപ്രില്‍ മാസത്തെ കിറ്റ് വിതരണം പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പുകളും നടത്തിയെന്നാണ് കഴിഞ്ഞ ദിവസം സപ്ലൈകോ അറിയിച്ചത്.മാര്‍ച്ച്‌ മാസത്തേതില്‍ ഇനി ആവശ്യമുള്ള കിറ്റുകള്‍ തയ്യാറാക്കി സീല്‍ ചെയ്തുകഴിഞ്ഞു. ഏപ്രില്‍ മാസത്തേക്ക് ഇതുവരെ വിതരണം ചെയ്ത 16 ലക്ഷം കൂടാതെ 12 ലക്ഷം കിറ്റുകള്‍കൂടി റേഷന്‍ കടകളിലേക്ക് നല്‍കാന്‍ തയ്യാറാക്കി. ഇതുവരെ 75 ലക്ഷം കാര്‍ഡുടമകള്‍ മാര്‍ച്ച്‌ മാസത്തെ കിറ്റ് കൈപ്പറ്റിക്കഴിഞ്ഞു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!