ഫിഡല്‍ കാസ്‌ട്രോയുടെ സഹോദരന്‍ റൗളിനെ വധിക്കാന്‍ 1960ല്‍ യുഎസ് പദ്ധതിയിട്ടതായി രേഖകള്‍

വാഷിങ്ടണ്‍: ക്യൂബന്‍ പോരാട്ട നായകന്‍ ഫിഡല്‍ കാസ്‌ട്രോയുടെ സഹോദരന്‍ റൗള്‍ കാസ്‌ട്രോയെ വധിക്കാന്‍ 1960ല്‍ യുഎസ് പദ്ധതിയിട്ടതായി രേഖകള്‍. റൗള്‍ കാസ്‌ട്രോയുടെ വിടവാങ്ങല്‍ സംബന്ധിച്ച വാര്‍ത്തകള്‍ക്കിടെയാണ് വാഷിങ്ടണ്‍ ആസ്ഥാനമായ ദേശീയ സുരക്ഷാ ആര്‍ക്കൈവ് ഗവേഷണ സ്ഥാപനം രേഖകള്‍ പുറത്തുവിട്ടത്. 1960ലാണ് കൊലപാതകത്തിന് സിഐഎ ആദ്യം പദ്ധതി തയ്യാറാക്കിയത്. പ്രാഗില്‍ നനിന്ന് ഹവാനയിലേക്ക് റൗള്‍ കാസ്‌ട്രോ വിമാനയാത്ര നടത്തുമ്ബോള്‍ അപകടം വരുത്തി വധിക്കാനായി പൈലറ്റ് ജോസ് റൗള്‍ മാര്‍ട്ടിനസിന് 10,000 ഡോളര്‍ വാഗ്ദാനം ചെയ്തു. ഓപറേഷനിടെ പൈലറ്റ് മരണപ്പെടുകയാണെങ്കില്‍ അദ്ദേഹത്തിന്റെ രണ്ടു മക്കള്‍ക്കും സര്‍വകലാശാല വിദ്യാഭ്യാസം ഉറപ്പുനല്‍കി. സിഐഎ റിക്രൂട്ട് ചെയ്ത പൈലറ്റായിരുന്നു ജോസ് റൗള്‍. എന്നാല്‍, മാര്‍ട്ടിനെസ് പ്രാഗിലേക്ക് പോയ ശേഷം അമേരിക്കയിലെ സിഎഎ ആസ്ഥാനത്തു നിന്ന് ദൗത്യം റദ്ദാക്കാന്‍ ഹവാന സ്‌റ്റേഷനോട് ആവശ്യപ്പെടുകയായിരുന്നു. പിന്തുടരരുതെന്നും ദൗത്യം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നതായുമാണ് വിവരം നല്‍കിയത്.ക്യൂബയില്‍ മടങ്ങിയെത്തിയ മാര്‍ട്ടിനെസ് തന്റെ കൂട്ടാളിയോട് ഞങ്ങള്‍ ചര്‍ച്ച ചെയ്തത പോലെയുള്ള ഒരു അപകടം ക്രമീകരിക്കാന്‍ അവസരമുണ്ടായില്ലെന്നും പറഞ്ഞിരുന്നു.

ക്യൂബന്‍ വിപ്ലവ നേതാവ് അന്തരിച്ച ഫിഡല്‍ കാസ്‌ട്രോയുടെ സഹോദരന്‍ 89 കാരനായ റൗള്‍ കാസ്‌ട്രോ ക്യൂബന്‍ കമ്മ്യൂണിറ്റി പാര്‍ട്ടിയുടെ തലവന്‍ സ്ഥാനമൊഴിയുകയും ക്യൂബന്‍ രാഷ്ട്രീയം വിടാന്‍ തയ്യാറെടുക്കുകയും ചെയ്തതോടെയാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. ക്യൂബയില്‍ 1959ല്‍ തുടങ്ങി ആറു പതിറ്റാണ്ടോളം അധികാരം കൈയാളിയ റൗള്‍ കുടുംബം പടിയിറങ്ങുകയാണ്. 2018 മുതല്‍ ക്യൂബയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച 60കാരനായ മിഗുവല്‍ ഡയസ്‌കാനലിന് ഭരണം കൈമാറും. ക്യൂബന്‍ വിപ്ലവത്തിനെതിരായ യുഎസ് പ്രവര്‍ത്തനങ്ങളില്‍ ഇരുണ്ടതും ദുഷിച്ചതുമായ ഒരു ഭൂതകാലത്തെക്കുറിച്ച്‌ ഈ രേഖകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നതായി നാഷണല്‍ സെക്യൂരിറ്റി ആര്‍ക്കൈവ് അനലിസ്റ്റ് പീറ്റര്‍ കോര്‍ണ്‍ബ്ലു എഎഫ്പിയോട് പറഞ്ഞു. കാസ്‌ട്രോ യുഗം ഔദ്യോഗികമായി അവസാനിക്കുമ്ബോള്‍, യുഎസ് നയരൂപീകരണക്കാര്‍ക്ക് ഈ ചരിത്രം ഉപേക്ഷിച്ച്‌ കാസ്‌ട്രോയ്ക്ക് ശേഷമുള്ള ക്യൂബയുടെ ഭാവിയില്‍ ഏര്‍പ്പെടാന്‍ അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

11 അമേരിക്കന്‍ പ്രസിഡന്റുമാരെ പ്രതിരോധിക്കുകയും നിരവധി കൊലപാതക ശ്രമങ്ങളില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തയാളാണ് ഫിഡല്‍ കാസ്‌ട്രോ. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പ്രകാരം 638 വധശ്രമങ്ങളാണുണ്ടായത്. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ അട്ടിമറിക്കാന്‍ 1961 ല്‍ 1,400 കാസ്‌ട്രോ വിരുദ്ധ ക്യൂബക്കാരെ സിഐഎ പരിശീലിപ്പിക്കുകയും ധനസഹായം നല്‍കുകയും ചെയ്‌തെങ്കിലും ശ്രമം പരാജയപ്പെട്ടു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!