'മനതില്‍ ഉരുതി വേണ്ടുമി'ലൂടെ തുടങ്ങിയ അഭിനയ ജീവിതം; വിവേക് സഞ്ചരിച്ച സിനിമാ യാത്ര

ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച്‌ തമിഴ് സിനിമയിലെ ഹാസ്യ സമ്രാട്ടായി മാറിയ നടനാണ് വിവേക്. ഏത് റോളും തന്റേതായ ശൈലിയില്‍ അവതരിപ്പിച്ച നടനായിരുന്നു അദ്ദേഹം. ഒരു കാലഘട്ടത്തില്‍ വിവേക് ഇല്ലാത്ത തമിഴ് സിനിമകള്‍ വിരളമായിരുന്നു. തമിഴ് സിനിമാ ലോകത്ത് കൗണ്ടമണി-സെന്തില്‍ കാലഘട്ടത്തിനു ശേഷം തമിഴ് സിനിമാ പ്രേമികളെ ഏറെ ചിരിപ്പിച്ച കോമഡി നടന്‍.

1987ല്‍ ബാലചന്ദര്‍ സംവിധാനം ചെയ്ത 'മനതില്‍ ഉരുതി വേണ്ടും' എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയ ലോകത്തേക്ക് അദ്ദേഹം കടന്നു വന്നത്. 'ധാരാളപ്രഭു' എന്ന ചിത്രമാണ് വിവേകിന്റെ റിലീസായ അവസാന ചിത്രം. ഇതിനിടയില്‍ 200 ഓളം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടു. ബാലചന്ദര്‍ സംവിധാനം നിര്‍വഹിച്ച 'പുതു പുതു അര്‍ത്തങ്കാലയായിരുന്നു അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ രണ്ടാം ചിത്രം. ശേഷം 'ഒരു വീട് ഇരു വാസല്‍' , ' പുത്തം പുതു പയനം' ,'നാന്‍ പേസ നിനൈപതെല്ലാം' തുടങ്ങിയ ചിത്രങ്ങളിലെ അഭിനയങ്ങള്‍ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തെയിലേക്കുള്ള ചവിട്ടു പടികളായി മാറി. 1998 കാലഘട്ടത്തോട് കൂടിയാണ് തമിഴ് സിനിമയുടെ അഭിവാജ്യ ഘടകമായി വിവേക് മാറിയത്. 'കാതല്‍ മന്നന്‍' , 'ഉന്നൈ തേടി' , 'വാലി' തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് താരം അജിത്ത് കുമാറിനൊപ്പവും 'കണ്ണെതിരൈ തോട്‌റിനാള്‍' , 'ആസയില്‍ ഒരു കടിതം' എന്ന ചിത്രത്തിലൂടെ നടന്‍ പ്രശാന്തിനൊപ്പവും അദ്ദേഹം ശ്രദ്ധേയമായ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ തുടങ്ങി.

തുടര്‍ന്ന് വിവേക് ഭാഗമായ 'ഖുശി' , 'പ്രിയമാനവളെ' , ' മിന്നലേ' തുടങ്ങിയ ചിത്രങ്ങള്‍ തമിഴ്‌നാട്ടില്‍ ബ്ലോക്ക്ബസ്റ്ററുകളായപ്പോള്‍ മണിരത്നം സംവിധാനം നിര്‍വഹിച്ച 'അലൈപായുതേ' , വി.എസ്.ദുരൈ സംവിധാനം നിര്‍വഹിച്ച 'മുഗവരീ' അഴഗം പെരുമാള്‍ സംവിധാനം ചെയ്ത 'ഡും ഡും ഡും' തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ഒരു ഹാസ്യതാരം എന്നതിലുപരി ഒരു സ്വഭാവ നടന്‍ എന്ന രീതിയിലും വിവേക് ശ്രദ്ധേയനായി.

സൂപ്പര്‍താര ചിത്രങ്ങളിലെ പ്രധാന ചേരുവയായി മാറിയ വിവേക് രജനീകാന്ത്, വിക്രം, സൂര്യ, വിജയ്, അജിത്, ധനുഷ് തുടങ്ങിയവര്‍ക്കൊപ്പമെല്ലാം അഭിനയിച്ച്‌ കൈയ്യടി നേടിയിട്ടുണ്ട്. 2002 മുതല്‍ 2007 വരെ അദ്ദേഹം അഭിനയിച്ചു ഫലിപ്പിച്ച പല കഥാപാത്രങ്ങള്‍ക്കും നിരവധി അവാര്‍ഡുകള്‍ ലഭിച്ചു. അഞ്ചു തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യ നടനുള്ള പുരസ്‌കാരം ലഭിച്ചു. മികച്ച ഹാസ്യ നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നാലു തവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 'റണ്‍', 'സാമി', 'പേരഴഗന്‍', 'ശിവാജി' എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു അവാര്‍ഡ്. 2009ലാണ് അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിക്കുന്നത്. ഇക്കാലയളവിലാണ് അദ്ദേഹം 'മിറിണ്ട' എന്ന സോഫ്റ്റ്ഡ്രിങ്കിന്റെ ബ്രാന്‍ഡ് അംബാസിഡറാകുന്നത്. അന്ന് ആദ്യമായാണ് ഒരു ഹാസ്യ താരത്തെ തേടി അത്തരത്തിലുള്ളൊരു ബ്രാന്‍ഡ് പരസ്യം ചെയ്യാന്‍ എത്തുന്നത്.

'ഏഴുമിന്‍' , 'വിശ്വാസം' , 'വെള്ളൈ പൂക്കള്‍' തുടങ്ങിയവയാണ് അദ്ദേഹം തന്റെ അഭിനയ ജീവിതത്തില്‍ അവസാനമായി അഭിനയിച്ച ചിത്രങ്ങള്‍. 'യാതും ഊരൈ യാവരും കേളിര്‍' , 'ഇന്ത്യന്‍ 2' എന്നീ ചിത്രങ്ങളാണ് അദ്ദേഹം അഭിനയിച്ചതില്‍ ഇനി റിലീസാവാനുള്ള ചിത്രങ്ങള്‍.

കഴിഞ്ഞ ദിവസമാണ് അതീവ ഗുരുതരാവസ്ഥയില്‍ വിവേകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവേകിന്റെ ഇടത് കൊറോണറി ആര്‍ട്ടറിയിലെ സുപ്രധാനമായ രക്തക്കുഴലുകളിലൊന്ന് പൂര്‍ണ്ണമായും ബ്ലോക്ക് വന്ന അവസ്ഥയിലായിരുന്നു ആശുപത്രിയില്‍ എത്തിക്കുമ്ബോള്‍ എന്നായിരുന്നു അപ്പോഴുള്ള റിപ്പോര്‍ട്ടുകള്‍. പിന്നീട് പുലര്‍ച്ചെ ചെന്നൈയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിക്കുന്നത്. വിവേക് എന്ന നടന്‍ തമിഴ് സിനിമയിലൂടെ താണ്ടിയ ദൂരം ഏറെയാണ്. ഒരു വിവേക് റഫറന്‍സ് ഇല്ലാത്ത തമിഴ് സിനിമാ ചരിത്രം അപൂര്‍ണ്ണമായി തന്നെ നില്‍ക്കും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!