സി.എസ് . രാധാകൃഷ്ണൻ ഓർമ്മയായി

പനാജി:ഗോവ മലയാളി പത്രത്തിന്റെ അഭ്യുദയകാംക്ഷിയും തുടക്കം മുതലേ ഉപദേശകസമിതി അംഗവുമായിരുന്ന ശ്രീ. സി.എസ്.രാധാകൃഷ്ണൻ നിര്യാതനായി. നിലവിൽ പത്രത്തിലെ സജീവ എഴുത്തുകാരനായിരുന്നു അദ്ദേഹം. ഗോവയിലെ സാംസ്കാരിക സാമൂഹിക രംഗത്ത് തീരാനഷ്ടവും സുഹൃത്തുക്കൾക്കും, ശിഷ്യഗണങ്ങൾക്കും മറ്റു സഹപ്രവർത്തകർക്കും അതീവദുഃഖവും ബാക്കിയാക്കിയാണ് അദ്ദേഹം യാത്രയായത്.

അധ്യാപക ദമ്പതികളുടെ മകനായി 1943-ൽ കൊല്ലത്തു ജനിച്ച സി.എസ്.രാധാകൃഷ്ണൻ വിവിധയിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അധ്യാപകനായി ജോലി നോക്കിയിരുന്നു. പിന്നീട് ഗോവയിൽ സർക്കാർ വകുപ്പിൽ പ്രവേശിച്ച അദ്ദേഹം അക്കൗണ്ട്സ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ ആയാണ് വിരമിച്ചത്. ഗോവ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റ് ആന്റ് അഡ്മിനിസ്ട്രേഷന്റെ ആദ്യത്തെ മെമ്പർ സെക്രട്ടറിയായിരുന്നു അദ്ദേഹം. സാഹിത്യം, വയോജന വിദ്യാഭ്യാസം, പഞ്ചായത്തീരാജ്, ഫ്രീലാൻസ് ജേർണലിസം, സിനിമ, കരിയർ ഗൈഡൻസ് തുടങ്ങിയ വിവിധ മേഖലകളിൽ അദ്ദേഹം സജീവ പ്രവർത്തകനായിരുന്നു. 'ഇദം ന മമ' (നോവൽ),

'ടുമോറോ അറൈവ്സ് ടുഡേ' ( ഇംഗ്ലീഷ് നാടകം), അപ്രന്റീസ് ടു ലൂണാറ്റിക്( ചെറുകഥാ സമാഹാരം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊങ്കണി കഥകളുടെ വിവർത്തനങ്ങളും നടത്തിയിട്ടുണ്ട്. ഗോവയിലെ വിവിധ സാംസ്കാരിക, സാഹിത്യ സംഘടനകളിലും അദ്ദേഹം സഹയാത്രികനായിരുന്നു.

ഗോവയിൽ പനാജിക്കടുത്ത് കുടുംബവുമൊത്താണ് അദ്ദേഹം താമസിച്ചിരുന്നത്. ഭാര്യ ശ്രീമതി.ശാന്താ രാധാകൃഷ്ണൻ ഹിന്ദി അധ്യാപികയായിരുന്നു. മകൾ ശ്രീദേവി അഡ്വക്കേറ്റാണ്.

ശ്രീ. സി.എസ്. രാധാകൃഷ്ണന്റെ പെട്ടെന്നുള്ള വിയോഗം ഗോവമലയാളി പത്രത്തിലെ പ്രവർത്തകർക്ക് ഞെട്ടലാണുളവാക്കിയത്. ഒരു കുടുംബാംഗം എന്നപോലെ ഒപ്പം സഹകരിച്ചിരുന്ന അദ്ദേഹത്തിന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതോടൊപ്പം ഗോവ മലയാളി പത്രം അദ്ദേഹത്തിന് ആദരാഞ്ജലികളും അർപ്പിച്ചു കൊള്ളുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!