പൊലീസില്‍ ജോലി കിട്ടാന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ തലകുത്തി നിന്ന് സമരം; ജോലി കിട്ടി കൊടുങ്ങല്ലൂരില്‍ തൊഴാന്‍ പോയപ്പോള്‍ പീസിയടിച്ച്‌ തുലാഭാരം നടത്തിയെന്ന ആരോപണം കേട്ട് കരഞ്ഞുപോയ സംഭവം; സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ഭക്ഷണം ഒരുക്കിയതിന് ഇപ്പോള്‍ ഡിസിപി ഐശ്വര്യ ഡോങ്രയുടെ സസപെന്‍ഷനും; ഇരുപതിലധികം ഗുഡ് സര്‍വീസ് എന്‍ട്രികള്‍ നേടിയ സിപിഒ പി.എസ്.രഘുവിന്റെ പോരാട്ട കഥ

കൊച്ചി: കളമശ്ശേരി ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ 'അക്ഷയപാത്രം' എന്ന പേരില്‍ സ്റ്റേഷനിലെത്തുന്നവര്‍ക്ക് ചായയും ലഘുഭക്ഷണവും ഒരുക്കിയ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തത് തിങ്കളാഴ്ച വാര്‍ത്ത ആയിരുന്നു. പൊലീസില്‍ അച്ചടക്കം കാക്കേണ്ടത് അത്യാവശ്യമെങ്കിലും ഉപകാരം ചെയ്യുന്നവനെ ഉപദ്രവിക്കാമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഭൂരിപക്ഷം പേരും ചോദിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും മാധ്യമങ്ങളോട് സംസാരിച്ചെന്നും കാട്ടിയാണ് സിപിഒ പി.എസ്.രഘുവിന് കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്ര സസ്‌പെന്‍ഷന്‍ അടിച്ചുവിട്ടത്. സംഭവം പൊലീസുകാര്‍ക്കിടയില്‍ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്.

ഫെബ്രുവരി 17നാണ് കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ ചായയും ബിസ്‌ക്കറ്റും ബ്രഡ്ഡും നല്‍കുന്ന സംവിധാനം നടപ്പിലാക്കിയത്. വലിയ ചടങ്ങായി ഉദ്ഘാടനം നടത്താതെ അന്നേ ദിവസം സംവിധാനം പ്രവര്‍ത്തന സജ്ജമാക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്ത നല്‍കിയതോടെ സംസ്ഥാനമൊട്ടാകെ കളമശ്ശേരി പൊലീസിനെ അഭിനന്ദിച്ചു. ഡി.ജി.പി ഓപീസില്‍ നിന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണറേറ്റില്‍ അഭിനന്ദന സന്ദേശം എത്തി. ഇതിനിടയിലാണ് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ ലഭിച്ചത്. പൊലീസ് കമ്മീഷ്ണറേറ്റില്‍ അറിയിക്കാതെ ഉദ്ഘാടനം നടത്തിയതിനും മാധ്യമങ്ങളില്‍ വാര്‍ത്തയായതുമാണ് കാരണം. ഡിസിപിയുടെ നടപടി വിവാദമായതോടെ പലരും രഘുവിനെ കുറിച്ചുള്ള അന്വേഷണമായി. പി.എസ്.രഘു പൊലീസുകാരനായത് വലിയൊരു പോരാട്ടത്തിലൂടെയാണ്.

സെക്രട്ടേറിയറ്റിന് മുന്നില്‍ തല കുത്തി നിന്ന് സമരം

പറവൂര്‍ സ്വദേശിയാണ് പി.എസ്.രഘു. ഇന്നത്തെ പിഎസ്‌സി റാങ്ക് ഹോള്‍ഡര്‍മാരുടെ സമരം പോലെ രഘുവിനും ഉണ്ട് ഓര്‍മയില്‍ ഒരുസമരകാലം. എറണാകുളം ജില്ലയിലെ പൊലീസ് കോണ്‍സ്റ്റബിള്‍ നിയമനം വേഗത്തിലാക്കുക, റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യുഡിഎഫ് ഭരണകാലത്ത് സെക്രട്ടേറിയറ്റ് നടയില്‍ നിരാഹാര സമരം നടത്തിയത്.

അന്ന് മൂന്നും നാലും വയസുള്ള മക്കളോടൊപ്പം സമരത്തിനെത്തിയ രഘു സെക്രട്ടേറിയറ്റിന് മുന്നിലെ റോഡില്‍ തലകുത്തി നിന്നാണ് സമരം നടത്തിയത്. പൊരിവെയിലില്‍ തലകുത്തി നിന്ന് സമരം ചെയ്യുന്ന അച്ഛന്റെ വിയര്‍പ്പ് മക്കള്‍ തുടച്ചുമാറ്റുന്ന രംഗം കണ്ടുനിന്നവരെ കരയിക്കാന്‍ പോന്നതായിരുന്നു. സമരം രൂക്ഷമായതോടെ റാങ്ക് ലിസ്റ്റിലെ 95 പേര്‍ക്കും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിയമന ഉത്തരവ് ഇറക്കി. അങ്ങനെ സമരം ചെയ്ത് നേടിയ പൊലീസ് ജോലി കഷ്ടതകള്‍ അനുഭവിക്കുന്നവരെ സഹായിക്കാന്‍ വേണ്ടി കൂടി വിനിയോഗിക്കാന്‍ രഘു തീരുമാനിച്ചത് അന്നാവണം. തലകുത്തി നിന്ന് സമരം ചെയ്തു..തലയില്‍ പൊലീസ് തൊപ്പ് നേടി എന്നൊക്കെയായിരുന്നു 2006 നവംബറിലെ വാര്‍ത്താ തലക്കെട്ടുകള്‍

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!