തുടര്‍ച്ചയായ പത്താം ദിവസവും പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍; ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും കേരളത്തില്‍ കൂടി; ഒന്നര ആഴ്ച കൊണ്ട് കൂടിയത് ഡീസലിന് 2 രൂപ 70 പൈസയും പെട്രോളിന് 1 രൂപ 45 പൈസയും; ഇങ്ങനെ പോയാല്‍ ഉടന്‍ സെഞ്ച്വറി അടിക്കും; നികുതി കുറയ്ക്കാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍; ഫലം സര്‍വ്വത്ര വിലക്കയറ്റം

കൊച്ചി: പതിവ് പോലെ രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി. കേരളത്തില്‍ പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ പത്താം ദിവസമാണ് സംസ്ഥാനത്ത് ഇന്ധന വില കൂടിയത്. നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഈ രീതി തുടരുമെന്നാണ് സൂചന. വോട്ടെടുപ്പ് അടുക്കുന്നതുവരെ പരമാവധി പണം ഖജനാവില്‍ എത്തിക്കാനാണ് നീക്കം.

ഡീസലിന് 2 രൂപ 70 പൈസയും പെട്രോളിന് 1 രൂപ 45 പൈസയുമാണ് പത്ത് ദിവസം കൊണ്ട് വര്‍ധിച്ചത്. കൊച്ചിയില്‍ 88.91 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് വില. ഡീസലിന് 84 രൂപ 42 പൈസയും. ഇങ്ങനെ പോയാല്‍ കേരളത്തിലും പെട്രോള്‍ വില താമസിയാതെ സെഞ്ച്വറി അടിക്കും. മഹാരാഷ്ട്രയിലും രാജസ്ഥാനിലും വില പലയിടത്തും നൂറു കടന്നിട്ടുണ്ട്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 63.56 ഡോളറായി വര്‍ധിച്ചു. മുമ്ബ് ഇത് 120 ഡോളറായിരുന്നപ്പോള്‍ ഇന്ത്യയിലെ പെട്രോള്‍ വില 72 രൂപയായിരുന്നു. നികുതിയാണ് ഇപ്പോള്‍ കൊടുക്കുന്ന തുകയില്‍ ഏറെയും. ഇത് കുറയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറല്ല.

ഇന്ത്യയിലെ ചില്ലറ ഇന്ധന വില ഇപ്പോള്‍ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. നവംബര്‍ 19 മുതലാണ് എണ്ണ വിപണന കമ്ബനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. അതിന് മുമ്ബ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു. 2018 ല്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ച്‌ കയറിയപ്പോള്‍ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറയ്ക്കുകയായിരുന്നു അന്ന് ചെയ്തത്. ഇതു കൂടാതെ സര്‍ക്കാര്‍ എണ്ണക്കമ്ബനികള്‍ ലിറ്ററിന് ഒരു രൂപ കുറയ്ക്കുകയും ചെയ്തു.

ഇന്ത്യയില്‍ എണ്ണവില നിശ്ചയിക്കപ്പെടുന്നത് രാജ്യാന്തര വിപണിയിലെ അസംസ്‌കൃത വിലയെ അടിസ്ഥാനമാക്കിയാണ്. അതിനൊപ്പം തന്നെ ഡോളറിന്റെ മൂല്യവും ഇതില്‍ നിര്‍ണായകമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നാല്‍ എണ്ണ വില കുറയ്ക്കാന്‍ വഴിയൊരുക്കും. ഇന്ധനവില വര്‍ധനവിനൊപ്പം പാചകവാതക സിലിണ്ടറിന് വില കൂട്ടിയതും ജനങ്ങളെ വലയ്ക്കുന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള എല്‍പിജി സിലിണ്ടറിന് 50 രൂപയാണ് ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. 14.2 കിലോ സിലിണ്ടറിനാണ് വില വര്‍ധനയുണ്ടായിരിക്കുന്നത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഡല്‍ഹിയില്‍ 769 രൂപയാകും. പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. ഡിസംബറിനു ശേഷം ഇത് മൂന്നാം തവണയാണ് എല്‍പിജി സിലിണ്ടറിന് വില കൂട്ടുന്നത്.

ഇന്ധന വില വര്‍ധനയ്‌ക്കൊപ്പം സംസ്ഥാനത്തെ പച്ചക്കറി വിലയും കുതിക്കുകയാണ്. സാധാരണ ഉപയോഗിക്കുന്ന പല ഇനങ്ങള്‍ക്കും പത്ത് മുതല്‍ 50 രൂപയിലേറെയാണ് കൂടിയത്. അതേസമയം, സര്‍ക്കാരിന്റെ സൗജന്യ കിറ്റ് തുടരുന്നതിനാല്‍ പലവ്യഞ്ജന വിലയില്‍ കാര്യമായ മാറ്റമില്ലെന്ന് വ്യാപാരികള്‍ പറയുന്നു. നാല്‍പ്പതില്‍ കിടന്ന സവാള വില അമ്ബത്തിരണ്ടിലെത്തി. തക്കാളി വില ഇരുപതില്‍ നിന്ന് നാല്‍പ്പതായി.പതിനഞ്ച് രൂപയായിരുന്ന വെണ്ടയ്ക്ക വില അറുപത് കടന്നു. ഒരു കിലോ അമരയ്ക്കയ്ക്ക് നാല്‍പ്പത് രൂപയാണ് വില. ഇന്ധന വില വര്‍ധനയെ തുടര്‍ന്ന് ലോറി വാടകയില്‍ ഉള്‍പ്പെടെയുണ്ടായ വര്‍ധനയാണ് പച്ചക്കറി വിപണിയെയും സ്വാധീനിച്ചത്.

പലചരക്ക് കടകളില്‍ പക്ഷേ മറിച്ചാണ് സ്ഥിതി. അരിയും പയറും കടലയും ഉള്‍പ്പെടെ അവശ്യ വസ്തുക്കള്‍ക്കൊന്നും കഴിഞ്ഞ രണ്ടു മാസത്തിനിടെ കാര്യമായ വില വര്‍ധന ഉണ്ടായിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു. തല്‍ക്കാലം പലചരക്ക് വിലയില്‍ വര്‍ധനയില്ലെങ്കിലും ഡീസല്‍ വിലിയിലെ വര്‍ധന തുടര്‍ന്നാല്‍ വില ഉയര്‍ന്നേക്കുമെന്ന ആശങ്ക വ്യാപാരികള്‍ക്കുണ്ട്. കാലിത്തീറ്റ ഉല്‍പ്പന്നങ്ങളുടെ വിലയിലും കാര്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!