ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം മികച്ച മാതൃക -പിണറായി വിജയന്‍

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം മികച്ച മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും സാമൂഹ്യ നീതിയും ഇവിടെ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കോളേജുകളും അടിസ്ഥാന സൗകര്യ വികസനവും നടപ്പിലാക്കിവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗം ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 64 കോടി രൂപ ചെലവില്‍ 42 സ്ഥാപനങ്ങള്‍ക്കായി നിര്‍മ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സ്മാര്‍ട്ട്‌ ക്ലാസ് റൂമുകള്‍, ലബോറട്ടറികള്‍, ലൈബ്രറികള്‍, പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റല്‍ സൗകര്യം, കമ്യൂണിറ്റി സ്‌കില്‍ സെന്ററുകള്‍ തുടങ്ങിയ വിപുലമായ സൗകര്യങ്ങളാണ് പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിച്ചത്. സര്‍ക്കാര്‍ എയ്‌ഡഡ്‌ കോളേജുകള്‍ക്ക് നാക്ക് സര്‍ട്ടിഫിക്കേഷന്‍ നേടിയെടുക്കേണ്ടത് അത്യാവശ്യമാണ്. നിലവില്‍ ആകെ 29 കോളേജുകള്‍ക്ക് മാത്രമാണ് നാക്ക് അംഗീകാരമുള്ളത്.

ശ്രീ നാരായണ ഗുരുവിന്റെ പേരില്‍ വിദൂര വിദ്യാഭ്യാസത്തിന് മാത്രമായി സര്‍വകലാശാല ആരംഭിച്ചു, മലയാളം സര്‍വകലാശാലയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുത്തു, സര്‍ക്കാര്‍ ആര്‍ട്സ് കോളേജുകളില്‍ 562 അധ്യാപക നിയമങ്ങളും 436 അനധ്യാപക നിയമനങ്ങളും സാധ്യമാക്കി. പുതിയതായി മൂന്നു സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍, അഞ്ചു എയ്‌ഡഡ്‌ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളും ആരംഭിച്ചു. സര്‍ക്കാര്‍ കോളേജുകളില്‍ ബിരുദ ബിരുദാനന്തര വിഭാഗങ്ങളിലായി 59 കോഴ്സുകളും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കിയ സ്വാശ്രയ കോളേജുകളില്‍ പുതിയ യു ജി, പി ജി കോഴസുകളും അനുവദിച്ചു. ഇതിന്റെ ഭാഗമായി യു ജി, പി ജി തലത്തില്‍ 20000 സീറ്റുകളുടെ വര്‍ദ്ധനവുണ്ടായത് ചരിത്ര നേട്ടമായി കണക്കാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചാലക്കുടി പനമ്ബിള്ളി മെമ്മോറിയല്‍ ഗവ കോളേജില്‍ റൂംസ ഫണ്ട് 2 കോടി 12 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത്.

ബി.ഡി ദേവസ്സി എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ജയന്തി പ്രവീണ്‍ കുമാര്‍, കോളേജ് പ്രിന്‍സിപ്പല്‍ എന്‍.എ ജോമോന്‍, എക്കണോമിക്സ് വിഭാഗം മേധാവി ഷിന്റോ എം. കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!